സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു
150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്
പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. മൃതദേഹം ചെന്നൈ സാലിഗ്രാമത്തിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ് .സംസ്കാരം എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്ത നടി സീമയാണ് ഭാര്യ. അനു,അനി എന്നിവര്‍ മക്കളാണ്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് - 1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡ്, 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നീ പുരസ്കാരങ്ങള്‍ ശശിക്ക് ലഭിച്ചിട്ടുണ്ട്. 2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.
ജയന്‍,സുകുമാരന്‍,മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ സിനിമാ ലോകത്തെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചത് ഐവി ശശിയായിരുന്നു. ഇവര്‍ക്ക് വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അങ്ങാടി, മീന്‍, കരിമ്പന, മൃഗയ,ആവനാഴികള്‍, ഈ നാട്, ദേവാസുരം, വര്‍ണ്ണപ്പകിട്ട് എന്നിവ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തു വന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.