സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

Update: 2018-06-03 00:35 GMT
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

മതേതരസംഘടനകള്‍ ഒന്നിക്കണമെന്ന് ആഹ്വാനം

സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ സി കെ ചന്ദ്രപ്പന്‍ നഗറില്‍ സമ്മേളനത്തിന് പതാക ഉയരും. ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് സിപിഐ ദേശീയ നേതൃത്വം പ്രതികരിച്ചു.

ബിജെപിയ്‌ക്കെതിരെ മതേതര ജനാധിപത്യ സംഘടനകളെ ഒന്നിപ്പിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഫാസിസത്തെ എതിര്‍ക്കാന്‍ വിശാലമായ അടിത്തറയുളള പ്രതിരോധം വേണം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ട് ഇത്തരം ഒരു സഖ്യം സാധ്യമാകില്ലെന്നാണ് സിപിഐ നിലപാട്. ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

തീവ്ര ഇടത് സ്വഭാവമുള്ളതും അതേസമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതുമായ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്ന നിലപാടും പാര്‍ട്ടി കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകും. സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് നാളെ വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുപത്തിയാറിന് രാവിലെ പതിനൊന്നു മണിക്ക് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ, കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും, കരട് സംഘടനാ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും. സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകര്‍ റെഡ്ഡി തുടരാനാണ് സാധ്യത.

Full View

പാർട്ടി കോൺഗ്രസ്സ് വേദിയിലേക്കുള്ള ദീപശിഖാ പ്രയാണം ഇന്ന് രാവിലെ 8 മണിക്ക് വയലാർ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നയിക്കുന്ന പതാക ജാഥയ്ക്ക് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെങ്ങന്നൂരിൽ സ്വീകരണം നൽകും.

Tags:    

Similar News