നന്ദന്‍കോട് കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് കേദല്‍

Update: 2018-06-04 11:29 GMT
Editor : admin

അച്ഛനെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിരുന്നു,അത് പാളിപ്പോയി. അച്ഛന്‍റെ സ്വഭാവദൂഷ്യമാണ് വൈരാഗ്യത്തിന് കാരണമെന്നും മൊഴി

നന്ദന്‍കോട് കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് കേദല്‍. അച്ഛനെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിരുന്നു,അത് പാളിപ്പോയി. അച്ഛന്‍റെ സ്വഭാവദൂഷ്യമാണ് വൈരാഗ്യത്തിന് കാരണമെന്നും മൊഴി നല്‍കി. കനത്ത സുരക്ഷയില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ച് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. കൊലപാതകത്തെ കുറിച്ച് കേദല്‍ നല്‍കുന്ന വ്യത്യസ്ത മൊഴികള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

Advertising
Advertising

Full View

കേദലിന്റെ ആദ്യമൊഴി കെട്ടിച്ചമച്ച കഥയാണെന്ന നിലയ്ക്കാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കേദലിന് അച്ഛനോടും അമ്മയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്നെന്ന് വ്യക്തമായി.

ചെറുപ്പം മുതല്‍ പഠനകാര്യങ്ങളില്‍ കേദല്‍ പിന്നോട്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് പഠനത്തിനാണ് പോയതെങ്കിലും ഇത് പൂര്‍ത്തിയാകാതെയാണ് കേദല്‍ തിരിച്ചെത്തിയത്. ഇക്കാര്യങ്ങളില്‍ കുടുംബക്കാര്‍ക്ക് തന്നോട് കടുത്ത അതൃപ്തി ഉണ്ടായിരുന്നെന്നാണ് കേദലിന്റെ മൊഴി. കുടുംബത്തിന്റെ നിരന്തരമായ അവഗണനയും മാനസിക പീഡനവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദീര്‍ഘനാളത്തെ ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കേദല്‍ ആദ്യം കൊലപ്പെടുത്തിയത് പിതാവിനെയാണ്. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരിയെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം കേദല്‍ മുകളിലത്തെ നിലയിലേക്ക് രണ്ട് ദിവസം കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇതിലും പ്രതിയുടെ ഗൂഢാലോചന വ്യക്തമാണെന്നാണ് പോലീസ് കരുതുന്നത്.

ഇതോടെ കൊലയ്ക്ക് പിന്നില്‍ ആഭിചാര ക്രിയകളിലെ താല്‍പര്യവും, ശരീരത്തില്‍ നിന്ന് ആത്മാവിനെ സ്വതന്ത്രമാക്കുന്ന ശൈലി പരീക്ഷണവും ആണെന്ന കേദലിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നാണ് പോലീസ് നിലപാട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News