ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. എന്‍ ഐ എ ക്ക് നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ കേസില്‍, കോടതിയുത്തരവിട്ടാല് 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ ഹാജരാക്കേണ്ടിവരുമെന്ന് മാതാപിതാക്കളോട് സുപ്രിം കോടതി. കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച്ചത്തെ സമയം മാതാപിതാക്കള്‍ക്ക് കോടതി അനുവദിച്ചു. വളരെ ഗുരുതരമായ കേസാണിതെന്ന് പറഞ്ഞ കോടതി എന്‍ഐഎക്കും നോട്ടീസയച്ചു.
ഹാദിയ കുട്ടിയല്ലന്നും,മുതിര്‍ന്ന സ്ത്രീയാണെന്നും, അവരെ കോടതിയില്‍ ഹാജരാക്കിയാല്‍ ഈ കേസിലെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഭര്‍ത്താവ് ഷെഫിന് ജഹാന്റെ അഭിഭഷാകര് വാദിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഹാദിയയെ ഹാജരാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ഈ മാസം പതിനാറിന് വീണ്ടും കേസ് പരിഗണിക്കും
സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ശഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും കോടതിയിൽ ഹാജരായി.