പാലക്കാട് പൊള്ളാച്ചി പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍
തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസ് മധുര വരെ നീട്ടും...
പാലക്കാട് പൊള്ളാച്ചി പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ധാരണയായി. ഇന്നലെ ചേര്‍ന്ന ദക്ഷിണ റെയില്‍വേ ടൈംടേബിള്‍ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസ് മധുര വരെ നീട്ടും.
കഴിഞ്ഞ ഏപ്രിലിലാണ് പാലക്കാട് പൊള്ളാച്ചി റൂട്ടിലെ ട്രെയിനുകളില്‍ ഒന്നൊഴികെ മറ്റെല്ലാം റദ്ദാക്കിയത്. നിലവില്‍ തിരുച്ചെന്തൂര്‍പാലക്കാട് റൂട്ടില്‍ ഒരു പാസഞ്ചര്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. 2008ല്‍ പാലക്കാട് പൊള്ളാച്ചി പാത ബ്രോഡ്‌ഗേജ് ആക്കാന്‍ വേണ്ടി അടച്ച ശേഷം 2015ലാണ് പാത തുറന്നത്. എന്നാല്‍, നഷ്ടമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി ഇതു വഴിയുണ്ടായിരുന്ന അഞ്ച് പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. രാമേശ്വരം, മധുര, പഴനി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണിത്.
യാത്രക്കാര്‍ക്ക് അനുയോജ്യമല്ലാത്ത സമയക്രമത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിച്ചതാണ് പാത നഷ്ടത്തിലാവാന്‍ കാരണം. നിലവില്‍ പാലക്കാട് ടൗണ്‍ സ്‌റ്റേഷന്‍ വരെയുള്ള അമൃത എക്‌സ്പ്രസ്, മധുര വരെ നീട്ടും. പൊള്ളാച്ചിയില്‍ അവസാനിക്കുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ പാലക്കാട്ടേക്ക് നീട്ടും. ട്രെയിനുകള്‍ റദ്ദാക്കിയത് മൂലം പൊള്ളാച്ചി പാത നേരിടുന്ന അവഗണന മീഡിയവണ്‍ ബിയോണ്ട് ദ ഹെഡ് ലൈന്‍സ് കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.