നടി തൊടുപുഴ വാസന്തി അന്തരിച്ചു
കാന്‍സര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു
നടി തൊടുപുഴ വാസന്തി അന്തരിച്ചു. കാന്‍സര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 400 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
വീട്ടമ്മയായും സഹോദരിയായും അയല്‍ക്കാരിയായും ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു തൊടുപുഴ വാസന്തി. 77ലെ ധര്‍മ്മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയിലൂടെ വെള്ളിവെളിച്ചത്തിലെത്തിയ വാസന്തി പിന്നീട് യവനിക, അധിനിവേശം, ക്ഷമിച്ചു എന്നൊരു വാക്ക്, ടിപി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഗോഡ്ഫാദര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി നാനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.
സിനിമക്ക് പുറമെ നാടകങ്ങളിലും നൃത്തവേദികളിലും നിറസാന്നിധ്യമായിരുന്നു. അസുഖങ്ങള്‍ ശരീരത്തെ പിടിച്ചുലച്ചപ്പോഴും സിനിമയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു ഇഷ്ടം. ഹൃദ്രോഗമായിരുന്നു തുടക്കം. മാസങ്ങൾക്ക് മുൻപ് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നീട് പ്രമേഹം കൂടി പിടിപെട്ടതോടെ വാസന്തി പാടെ തളര്‍ന്നു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റി. കേൾവിയും നഷ്ടപ്പെട്ടു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. മക്കളില്ലാത്ത വാസന്തിയുടെ ജീവിതം പിന്നീട് സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു.