'ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെ കയറിയതാണ്, പ്രായമുള്ള ആളല്ലേ?'; മുഖ്യമന്ത്രിയുടെ കാറിൽ വന്നതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ

ഒരു മതസംഘടനയും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Update: 2025-12-16 07:27 GMT

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ? നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്? മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വേറെ ഒരു പണിയുമില്ല. മാധ്യമങ്ങളുമായി ചേർന്ന നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി സാറോ സുകുമാരൻ നായർ സാറോ ഏതെങ്കിലും ബിഷപ്പോ കയറിയാൽ എന്താണ് പ്രശ്നം? ഒരു മതനേതാവ് മുഖ്യമന്ത്രിയുടെ കാറിൽ കയറി എന്ന രീതിയിലാണ് പ്രചാരണം. മതനേതാവ് മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ എന്താണ് പ്രശ്നം? ഏതാനും മീറ്ററുകൾക്ക് അപ്പുറത്ത് നിന്നാണ് വെള്ളാപ്പള്ളി കാറിൽ കയറിയത്. തങ്ങളെല്ലാം നടന്നാണ് വേദിയിലേക്ക് പോയതെന്നും സജി ചെറിയാൻ പറഞ്ഞു. 

Advertising
Advertising

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രിസ്റ്റൽ ക്ലിയറായ നിലപാടാണ് തങ്ങൾ സ്വീകരിച്ചത്. ഒരു പാരഡി ഗാനം ലോകത്തെ ഏറ്റവും വലിയ സംഭവമാണ്. അത് രചിച്ചയാളെ മനസ്സിലായല്ലോ. അയാൾ ശബരിമലയുമായി വലിയ ഹൃദയബന്ധമുള്ളതുകൊണ്ട് രചിച്ചുപോയതാണോ? ഇതൊക്കെ എവിടെനിന്ന് വരുന്നതാണെന്ന് ജനങ്ങൾക്ക് കൃത്യമായി മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയതയും ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയതയും പറഞ്ഞായിരുന്നു പ്രചാരണം നടത്തിയത്. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴയിൽ തിരിച്ചടിയുണ്ടായിട്ടില്ല. കാര്യമായ തിരിച്ചടിയുണ്ടായത് കുട്ടനാട്ടിൽ മാത്രമാണ്. ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.


Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News