നാളെ കര്‍ക്കിടകവാവ്
ആയിരക്കണക്കിന് ആളുകള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ആലുവ മണപ്പുറത്ത് സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി.
നാളെ കര്‍ക്കിടകവാവ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ആയിരക്കണക്കിന് ആളുകള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ആലുവ മണപ്പുറത്ത് സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി.
കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ മൂന്നേ കാലു മുതല്‍ ഉച്ച വരെയാണ് ബലി തര്‍പ്പണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാവും ബലി തര്‍പ്പണത്തിന് എത്തുക. ഇത്തവണയും പിതൃതര്‍പ്പണത്തിന് പെരിയാറിന്റെ തീരത്ത് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് വലിയ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അമ്പതോളം ബലിത്തറകളില്‍ 2000 പേര്‍ക്ക് ഒരേ സമയം ബലിയിടാനാകും. മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചു. മഴ പെയ്താല്‍ നനയാതെ കര്‍മങ്ങള്‍ ചെയ്യാന്‍ പന്തലൊരുക്കിയിട്ടുണ്ട്. കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരും അഗ്നി ശമന സേനയുടെ മുങ്ങല്‍ വിദഗ്ധരും ഉണ്ടാകും. ആംബുലന്‍സും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന പിതൃമോക്ഷ കര്‍മങ്ങള്‍ക്കും തിലഹവന നമസ്കാരത്തിനും മേല്‍ ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. ശിവരാത്രി തര്‍പ്പണം കഴിഞ്ഞാല്‍ മണപ്പുറത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ എത്തുക കര്‍ക്കട അമാവാസിക്കാണ്. പിതൃക്കള്‍ മരിച്ച നാളോ തിയതിയോ അറിയാത്തവര്‍ക്കും ഈ ദിവസം ബലി കര്‍മം ചെയ്യാം.