യുവാവിന് മര്‍ദ്ദനം; ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മൊഴി

Update: 2018-06-18 05:07 GMT
Editor : Subin
യുവാവിന് മര്‍ദ്ദനം; ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മൊഴി

മകനെ മര്‍ദ്ദിക്കുന്നത് മാതാവ് ഷീന ചോദ്യം ചെയ്യുന്നത് കേട്ടുവെന്നും മൊഴിയില്‍ പറയുന്നു...

കൊല്ലം അഞ്ചലില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേശ് കുമാറിന്റെ പങ്ക് വെളിവാക്കുന്ന ദൃക്‌സാക്ഷി മൊഴി. യുവാവും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍ സ്വദേശി ബേബി കളീയ്ക്കല്‍ പൊലീസിന് മൊഴി നല്‍കി. ഗണേശ് കുമാറിനെതിരെ അനന്തകൃഷ്ണന്റെ മാതാവ് ഷീന മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എക്കെതിരെ നടപടിവേണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

വാഹനം കടന്നു പോകുന്നതിന്റെ പേരിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ദൃക്‌സാക്ഷി മൊഴി. ഗണേശ് കുമാര്‍ സഞ്ചരിച്ചിരുന്ന കാറും മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ കാറും മുഖാമുഖം വന്നു. എം.എല്‍.എയുടെ കാര്‍ അല്‍പം പിന്നിലേക്ക് മാറ്റിയാല്‍ മാത്രമേ രണ്ടു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ സാധിക്കുമായിരുന്നുള്ളു. അനന്തകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഏറെ പണിപ്പെട്ട് സമീപത്തെ വീട്ടിലേക്ക് മാറ്റുകയും ഗണേശ് കുമാറിന് പാതയൊരുക്കുകയും ചെയ്തു. ഇതിനു പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗണേശ് കുമാര്‍ അനന്തകൃഷ്ണന്റെ സമീപത്തേക്ക് പോവുകയായിരുന്നുവെന്നാണ് ബേബി കളീയ്ക്കലിന്റെ മൊഴി.

മകനെ മര്‍ദ്ദിക്കുന്നത് മാതാവ് ഷീന ചോദ്യം ചെയ്യുന്നത് കേട്ടുവെന്നും മൊഴിയില്‍ പറയുന്നു. രാഷ്ട്രീയമാകുമ്പോള്‍ ആരോപണങ്ങള്‍ പലതുമുണ്ടാകുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ഷീന മുഖമന്ത്രി, വനിത കമ്മീഷന്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News