പ്രിന്‍സിപ്പല്‍ ഒപ്പുവെക്കാത്ത പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍പ്പൂക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രിഗോറിയസാണ് പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പിടാതെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കോട്ടയം ആര്‍പ്പൂക്കര സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതര വീഴ്ച. പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സര്‍ട്ടിഫിക്കറ്റാണ് 15ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ടിസി നല്‍കാന്‍ 100 രൂപ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആര്‍പ്പൂക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രിഗോറിയസാണ് പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പിടാതെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പില്ലെങ്കിലും പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക സീല്‍ പതിച്ചിട്ടുണ്ട്.
സ്‌കൂളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ വിവിധ കോളജുകളില്‍ അഡ്മിഷനെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പലിന്റെ ഒപ്പില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
സ്കൂളില്‍ നിന്നും പ്ലസ് ടു പാസായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് നല്കിയിട്ടുണ്ട്. പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ചില പരാതികള്‍ ഉന്നയിച്ചിരുന്നു. ഇത് വിരോധത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സ്‌കൂളില്‍ നിന്ന് ടി സിയും കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 100 രൂപ നിര്‍ബന്ധ പൂര്‍വ്വം ഈടാക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാഞ്ഞത് മനഃപ്പൂര്‍വ്വമല്ലെന്നും മറ്റ് തിരക്കുകള്‍ക്കിടയില്‍ വിട്ടുപോയതാണെന്നുമാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.