ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം: ജോയ്സ് ജോര്‍ജ് എംപിക്ക് ദേവികുളം സബ്കലക്ടറുടെ നോട്ടീസ്

Update: 2018-07-10 06:00 GMT

കൊട്ടാക്കമ്പൂര്‍ ഭൂമിവിവാദത്തില്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജിന് ദേവികുളം സബ് കലക്ടറുടെ നോട്ടീസ്. ഈ മാസം 24ന് പട്ടയം റദ്ദാക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്നാണ് നോട്ടീസ്. കൊട്ടാക്കമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ രേഖകളിലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കലക്ടര്‍ പട്ടയം റദ്ദാക്കിയത്. ദേവികുളം സബ് കലക്ടറുടെ നിലപാട് ചോദ്യം ചെയ്ത് ഇടുക്കി ജില്ലാ കലക്ടറായിരുന്ന ജിആര്‍ ഗോകുലിന് ജോയ്സ് ജോര്‍ജ് എംപി നല്‍കിയ അപ്പീലില്‍ എംപിക്ക് അനകൂലമായ തീരുമാനമാണ് കൈക്കൊണ്ടത്. മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നുമാണ് സബ് കലക്ടര്‍ നിലപാട് സ്വീകരിച്ചത്.

Advertising
Advertising

എന്നാല്‍ സബ് കലക്ടര്‍ക്ക് നിയമനടപടികളില്‍ വീഴ്ച പറ്റിയെന്നും എംപിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി ലഭിച്ചില്ലെന്നുമാണ് ജില്ലാ കലക്ടറായിരുന്ന ജിആര്‍ ഗോകുല്‍ അവധിയില്‍ പ്രവേശിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിച്ച് രണ്ട് മാസത്തിനുള്ളില്‍ സബ് കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാകലക്ടറായിരുന്ന ജിആര്‍ ഗോകുല്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകാന്‍ സബ് കലക്ടര്‍ എംപിക്ക് നോട്ടീസ് അയച്ചത്. എംപിയുടെ ബന്ധുക്കളുടെ ഭൂമിസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്കാകും സബ്കലക്ടര്‍ തുടര്‍നടപടി സ്വീകരിക്കുക.

Full View
Tags:    

Similar News