സിപിഎമ്മും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ ധാരണയുണ്ട്: അഭിമന്യു വധക്കേസിലും ധാരണ ഉണ്ടായേക്കാമെന്ന വെളിപ്പെടുത്തലുമായി റിട്ട. എസ്‍പി
എന്‍ഡിഎഫിനെതിരായ അന്വേഷണങ്ങള്‍ സിപിഎം ഇടപെട്ട് തടഞ്ഞിരുന്നു. ഫസല്‍ വധക്കേസില്‍ നാദാപുരം ബിനു വധക്കേസുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും റിട്ടയേര്‍ഡ് എസ് പി സുഭാഷ് ബാബു: മീഡിയാവണ്‍ എക്സ്ക്ലൂസീവ്.
സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ കൊലപാതക കേസുകളിലടക്കം ധാരണ ഉണ്ടാക്കിയതറിയാമെന്ന് റിട്ട.എസ് പി സുഭാഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. എന്‍ഡിഎഫിനെതിരെ അന്വേഷണം നടത്താന്‍ നിയോഗിച്ച താനടക്കമുള്ള ഏഴ് ഡിവൈസ്‍പിമാര്‍ക്ക് ഒരടി മുന്നോട്ട് പോകാന്‍ കഴിയാതിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ്. തലശ്ശേരിയിലെ ഫസല്‍ വധക്കേസ് അന്വേഷണം സിപിഎമ്മിനെതിരെ തിരിഞ്ഞപ്പോള്‍ നാദാപുരത്തെ ബിനു വധക്കേസുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും സുഭാഷ് ബാബു പറഞ്ഞു. മീഡിയാവണ്‍ എക്സ്ക്ലൂസീവ്.
അഭിമന്യുവിന്റെ കൊലപാതികളെ പിടികൂടാന്‍ താമസിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, നാളെ ചിലപ്പോള്‍ അത് അഡ്ജസ്റ്റ്മെന്‍റിലേക്ക് പോയിക്കൂടായ്കയില്ലെന്ന് മറുപടി. തിരിച്ചറിഞ്ഞു എന്ന് പറയുന്ന പ്രതികളുടെ അഡ്രസ് പുറത്തുവിടാന്‍ പൊലീസ് തയ്യാറാകുന്നില്ല. പുറത്തേക്ക് വിട്ടുകഴിഞ്ഞാല്‍ പിന്നെ അവരെ തന്നെ പിടിക്കണമല്ലോ എന്ന് പറയുന്നു അദ്ദേഹം.
ഇങ്ങനെ പറയാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിനായിരുന്നു നേരത്തെ അങ്ങനെയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. നാദാപുരത്തെ ബിനുവിന്റെ കേസ് താന്‍ അന്വേഷിച്ചതാണ്. ശിക്ഷ കഴിഞ്ഞതിന് ശേഷം ചില അഡ്‍ജസ്റ്റുമെന്‍റുകള്‍ നടന്നിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
2001-ല്‍ നടന്ന ബിനു വധക്കേസില്‍ 6 എന്‍ഡിഎഫ് പ്രവര്‍ത്തകരെ 2006-ല്‍ ശിക്ഷിച്ചിരുന്നല്ലോ. പക്ഷേ, അതിന് ശേഷം കേസ് നടത്താന്‍ പാര്‍ട്ടി താത്പര്യം പ്രകടിപ്പിച്ചില്ല. എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സിപിഎം നേതാക്കളിലേക്ക് തിരിഞ്ഞപ്പോഴാണ് എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ ബിനു വധക്കേസുമായി ഒത്തുതീര്‍പ്പായത്. പിന്നീട് സിബിഐ അന്വേഷണത്തിലാണ് കാരായിമാര്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളായത്.
2000ത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്‍ഡിഎഫിനെതിരെ അന്വേഷണം നടത്താന്‍ ഡിജിപി 7 ഡിവൈഎസ്‍പി മാരെ നിയോഗിച്ചിരുന്നു. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ എന്‍ഡിഎഫ് നേതാക്കള്‍ ഇത് മുന്നോട്ടുപോകില്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും സുഭാഷ് ബാബു പറയുന്നു.