വൈദികരുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി
ഹൈക്കോടതി മുൻകൂർ ജാമ്യഹരജി തള്ളി 4 ദിവസങ്ങൾ പിന്നിട്ടിട്ടും വൈദികർ അറസ്റ്റിലാകാത്തതിന് പിന്നിൽ രാഷ്ട്രീയ സാമുദായിക സമ്മർദ്ദമാണെന്ന ആക്ഷേപവും ശക്തമാണ്.
കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കീഴടങ്ങാൻ കൂട്ടാക്കാതെ പ്രതികളായ ഓർത്തഡോക്സ് വൈദികർ. അതിനിടെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെയും നാലാം പ്രതി ഫാദർ ജെയ്സ് കെ ജോർജിന്റെയും മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. വൈദികരുടെ അറസ്റ്റ് വൈകുന്നതിൽ ഓർത്തഡോക്സ് സഭ വിശ്വാസികൾക്കിടയിലും പ്രതിഷേധം ശക്തമാണ്
ഫാദർ എബ്രഹാം വർഗീസും ജയ്സ് കെ ജോർജും ശനിയാഴ്ച കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം. അതിനിടെയാണ് ഇവർ മുൻകൂർ ജാമ്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയ സാഹചര്യത്തിൽ വൈദികരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ ഫാദർ ജോബ് മാത്യു, ഫാദർ ജോൺസൺ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കന്നത് തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളേത്തേക്ക് മാറ്റി.
അന്വേഷണവുമായി സഹകരിക്കാതെ സഭയ്ക്ക് കൂടുതൽ നാണക്കേടുണ്ടാക്കുകയാണ് വൈദികർ ചെയ്യുന്നതെന്ന് സഭയ്ക്കുള്ളിൽ വിമർശനമുണ്ട്. ഇതിനിടെ വൈദികരെ സഭ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വാസി സമൂഹം രംഗത്തെത്തി. ഹൈക്കോടതി മുൻകൂർ ജാമ്യ ഹരജി തള്ളി 4 ദിവസങ്ങൾ പിന്നിട്ടിട്ടും വൈദികർ അറസ്റ്റിലാകാത്തതിന് പിന്നിൽ രാഷ്ട്രീയ സാമുദായിക സമ്മർദ്ദമാണെന്ന ആക്ഷേപവും ശക്തമാണ്.