ഓർത്തഡോക്സ് സഭ വൈദികരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; മറ്റന്നാള്‍ വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ്

അറസ്റ്റ് വൈകുന്നതിൽ വിശ്വാസികൾക്കിടയിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സഭാ സ്ഥാപനങ്ങളിൽ പ്രതികൾ ഉണ്ടാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.

Update: 2018-07-17 07:49 GMT

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ ഓർത്തഡോക്സ് സഭ വൈദികരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് പരിഗണിക്കാന്‍ ഇന്ന് ജഡ്ജിമാര്‍ക്ക് അസൌകര്യം ഉള്ള സാഹചര്യത്തിലാണ് നടപടി. മറ്റന്നാള്‍ വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

മുൻകൂർ ജാമ്യം ലഭിക്കുന്നതിനും ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസും നാലാം പ്രതി ഫാദർ ജയ്സ് കെ ജോർജും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുവരുടെയും മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി തള്ളി 6 ദിവസം പിന്നിട്ടിട്ടും ഇവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി വരുന്നവരെ കീഴടങ്ങില്ലെന്ന നിലപാടിലാണ് ഇരുവരും.

Advertising
Advertising

ജയ്സ് കെ ജോർജ് ഇപ്പോഴും ഡൽഹിയിൽ തന്നെയുണ്ടെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് സംഘം സൽഹിക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ഓർത്തഡോക്സ് സഭ അരമനകളും സന്യാസ ആശ്രമങ്ങളും ഒഴികെയുള്ള ഇടങ്ങളിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിക്കഴിഞ്ഞു. അറസ്റ്റ് വൈകുന്നതിൽ വിശ്വാസികൾക്കിടയിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സഭാ സ്ഥാപനങ്ങളിൽ പ്രതികൾ ഉണ്ടാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.

അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു മൂന്നാം പ്രതി ജോൺസൺ വി മാത്യു എന്നിവർ ജാമ്യത്തിനായി ഹരജി നൽകിയിട്ടുണ്ടെങ്കിലും തിരുവല്ല മജിസ്ട്രേറ്റ് അവധിയായതിനാൽ ഹരജി ഇന്നും പരിഗണിക്കില്ല.

Tags:    

Similar News