ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ഈ മാസം 17ന് ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update: 2018-08-09 08:39 GMT

ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഈ മാസം 17ന് ജയരാജന്‍റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തിലുണ്ടാകും.

ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ നേതൃതലത്തിൽ ധാരണയായിട്ടുണ്ടെങ്കിലും നാളെ ആരംഭിക്കുന്ന സി.പി.എം സംസ്ഥാന കമ്മറ്റി യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

മന്ത്രിസഭയുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിൽ സി.പി.ഐക്കുളള എതിർപ്പാണ് ജയരാജൻറെ സ്ഥാനലബ്ധിക്ക് തടസ്സമായിരുന്നത്. മുന്നണി യോഗത്തിന് മുന്നോടിയായി സി.പി.ഐയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് സി.പി.എം നീക്കം. സി.പി.എമ്മിന് അധികമായി ലഭിക്കുന്ന മന്ത്രി സ്ഥാനത്തിന് പകരമായി സി.പി.ഐക്ക് മന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നൽകുന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.

Advertising
Advertising

Full View

ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുന്നതിനാൽ അതിനു മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. ചിങ്ങ പിറവി ദിനമായ ആഗസ്റ്റ് 17ന് ജയരാജൻറെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ഗവർണ്ണറുടെ സമയം ഉൾപ്പടെയുളള കാര്യങ്ങൾ നോക്കിയായിരിക്കും അന്തിമ തീരുമാനം.

തിരിച്ചെത്തുന്ന ജയരാജന് നേരത്തെ വഹിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കാനാണ് സാധ്യത. വ്യവസായമല്ലെങ്കിൽ വൈദ്യുതി, തദേശം ഉൾപ്പടെയുളള വകുപ്പുകളും പരിഗണിക്കുന്നുണ്ട്. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്. പിന്നീട് വിജിലൻസ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജൻറെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്.

Tags:    

Similar News