മഹാദുരിതകാലത്തോട് ഒറ്റമനസ്സോടെ പോരാടി കേരളം 

ഏത് ദുരിത കാലത്തേയും നമ്മള്‍ അതിജീവിക്കും. കാരണം നന്മയുടെ ഉറവവറ്റാത്ത മനസുകള്‍ ഒപ്പമുണ്ട്. ഇതിലൂടെ നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കും.

Update: 2018-08-19 02:38 GMT
Advertising

പേമാരിയും പ്രളയവും തീര്‍ത്ത മഹാദുരിതകാലത്തോട് പോരാടുകയാണ് കേരളം. പക്ഷേ പകച്ച് നില്‍ക്കാതെ പരസ്പരം ചേര്‍ത്ത് നിര്‍ത്തി അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് നമ്മള്‍. സ്വന്തം ജീവന്‍ പണയം വെച്ച് അപരനെ രക്ഷിച്ചും അവനായി സ്വന്തം വീടിന്‍റെ വാതിലുകള്‍ തുറന്നിട്ടും ഒരു ദുരിതകാലത്തെ നേരിടുകയാണ്. ഒപ്പം സ്നേഹത്തിന്‍റെയും നന്‍മയുടെയും നല്ല മാതൃകകളാവുകയും.

പ്രളയം തച്ചുടച്ചതായിരുന്നു കേരളത്തിലെ ജീവിതം. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ടുള്ള രക്ഷപ്പെടല്‍. ഇനിയെന്തെന്നുള്ള ചോദ്യമായിരുന്നു ആദ്യം. ആരെത്തിക്കും ഭക്ഷണം. ആര് നല്‍കും അവശ്യവസ്തുക്കള്‍. ആരാണ് കുടിവെള്ളം തരിക. ആരാണ് താമസത്തിനിടം തരിക. പക്ഷേ ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരങ്ങളുമായി ഒരുപാടുപേരെത്തി. പിന്നെ കണ്ടത് നന്‍മയുള്ള മനസ്സുകളുടെ ചേര്‍ന്ന പ്രവര്‍ത്തനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആര്‍ക്കും പ്രയാസമില്ലാതിരിക്കാന്‍ അവര്‍ കരുതലുമായി കൂടെ നിന്നു.

മനസ്സുകള്‍ തമ്മില്‍ സംസാരിച്ച നാളുകള്‍. ക്യാമ്പുകളില്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍‍. നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൈകോര്‍ത്ത് പിടിച്ച് അവരെത്തി.

Full View

എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാടൊട്ടുക്ക് നടന്ന് സംഭരിച്ച ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം എത്തിക്കാന്‍ വിശ്രമവും ഭക്ഷണവും അവര്‍ മാറ്റിവെച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൂടുതല്‍ കരുതല്‍. സാനിട്ടറി നാപ്കിനുകളും ഡയപ്പറുകളുമെല്ലാം ഒഴുകിയെത്തി.

ഈ കാണുന്നതെല്ലാം അവര്‍ക്കായി നാട്ടുകാര്‍ സ്നേഹത്തോടെ നല്കുന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സഹജീവി സ്നേഹത്തിന്‍റെ കരുതലായി മാറി ഓരോരുത്തരും. സ്വന്തം വീടിന്‍റെ വാതിലുകള്‍ മറ്റുള്ളവര്‍ക്കായി അവര്‍ തുറന്നിട്ടു. ഏത് ദുരിത കാലത്തേയും നമ്മള്‍ അതിജീവിക്കും. കാരണം നന്മയുടെ ഉറവവറ്റാത്ത മനസുകള്‍ ഒപ്പമുണ്ട്. ഇതിലൂടെ നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കും.

Tags:    

Similar News