‘ആ ചാരക്കേസ് എന്റെ ജീവിതം തകര്‍ത്തു, ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല’: മറിയം റഷീദ

‘വളരെയധികം മർദ്ദനങ്ങൾ ജയിലിൽ അനുഭവിക്കേണ്ടി വന്നു. പേരറിയാത്ത എെ.ബിയിലെ വേറെ ചില ഉദ്യോഗസ്ഥരും തന്നെ കസ്റ്റഡിയിൽ മർദ്ദിക്കുകയുണ്ടായി’

Update: 2018-09-17 16:28 GMT

എെ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ അകാരണമായി വേട്ടയാടിയ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പോകുമെന്ന് വ്യാജ ചാരക്കേസിലെ വിവാദ നായിക മറിയം റഷീദ. കേസിൽ നമ്പി നാരായണന് അനുകൂലമായി 50 ലക്ഷത്തിന്റെ നഷ്ടപരിഹാരവും, ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി വന്ന പശ്ചാതലത്തിലാണ് മറിയം റഷീദയുടെ പ്രതികരണം.

എെ.എസ്.ആർ.ഓ ചാരക്കേസുമായി ബന്ധപ്പെട്ട് 1994ലാണ് പോലീസ് മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. നമ്പി നാരായണും, ഡി. ശശികുമാറും ഉൾപ്പടെ ഏഴു പേർക്കൊപ്പമാണ് മറിയമിനെ അന്ന് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ രാജ്യസുരക്ഷയെ സ‌ംബന്ധിക്കുന്ന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കു വെച്ചു എന്ന കാരണത്താലായിരുന്നു അറസ്റ്റ്. വ്യാജ ആരോപണങ്ങളെ തുടർന്ന് മൂന്നര വർഷത്തോളമാണ് മറിയം റഷീദ കേരളത്തിലെ ജയിലിൽ കഴിഞ്ഞത്.

Advertising
Advertising

ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തലവന്‍ സിബി മാത്യൂസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്‌ർ എസ്.വിജയന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് മറിയം റഷീദ വിമര്‍ശിച്ചത്. കേസ് തന്നെ വല്ലാതെ തകർത്തു കളഞ്ഞെന്നും, ജീവിതം നരക തുല്ല്യമാക്കിയെന്നും അവര്‍ പറഞ്ഞു. ചികിത്സക്കും, തന്റെ സുഹൃത്തും കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത ഫൗസിയ ഹസന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യാർഥവുമാണ് ഇന്ത്യയിലേക്ക് വന്നത്. മാലിയിൽ അന്ന് പ്ലേഗ് പടർന്നു കൊണ്ടിരുന്ന കാരണത്താൽ മടക്കം വെെകുകയായിരുന്നു. ഈ അവസരത്തിലാണ് ഇൻസ്പെക്ടർ വിജയൻ വന്ന് തന്റെ പാസ്പോട്ട് പിടിച്ചെടുക്കുന്നതും അകാരണമായി അറസ്റ്റ് ചെയ്യുന്നതുമെന്ന് മറിയം റഷീദ പറഞ്ഞു.

വളരെയധികം മർദ്ദനങ്ങൾ ജയിലിൽ അനുഭവിക്കേണ്ടി വന്നു. പേരറിയാത്ത എെ.ബിയിലെ വേറെ ചില ഉദ്യോഗസ്ഥരും തന്നെ കസ്റ്റഡിയിൽ മർദ്ദിക്കുകയുണ്ടായി. നമ്പി നാരായണന് അദ്ദേഹം അനുഭവിച്ച ദുരിതങ്ങൾക്ക് പകരമായി കൊടുക്കുന്ന അൻപത് ലക്ഷം രൂപ ഒന്നും ആകാന്‍ പോകുന്നില്ല എന്നും മറിയം റഷീദ പറ‍ഞ്ഞു.

തന്റെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും തന്നെ ഈ കേസിൽ കുടുക്കിയ ആരെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന‍ും ‌അവർ പറ‍ഞ്ഞു.

Tags:    

Similar News