കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചവര്‍ക്കെതിരെ സഭയുടെ പ്രതികാര നടപടി

Update: 2018-09-23 16:00 GMT

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ പിന്തുണച്ചവര്‍ക്കെതിരെ സഭ പ്രതികാര നടപടി തുടങ്ങി. മാനന്തവാടി അതിരൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍, മുവ്വാറ്റുപുഴ പാമ്പാക്കുട ദയറയിലെ റമ്പാന്‍ യൂഹാനോൻ എന്നിവർക്കെതിരെയാണ് നടപടി. ലൂസിയെക്കുറിച്ച വിശ്വാസികളുടെ പൊതു വികാരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇടവകയുടെ വിശദീകരണം.

ജലന്തര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയാണ് കത്തോലിക്ക സഭ പ്രതികാര നടപടി തുടങ്ങിയത്. കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്ത ശേഷം മാനന്തവാടി കാരാക്കമല എഫ് സി കോണ്‍വെന്റില്‍ ഇന്ന് രാവിലെ തിരിച്ചെത്തിയ സിസ്റ്റര്‍ ലൂസിയോട് ചുമതലകളില്‍നിന്ന് മാറി നില്‍ക്കാന്‍ മദര്‍ സുപ്പീരിയര്‍ നിര്‍ദേശം നല്‍കി.

Advertising
Advertising

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടി. എന്നാല്‍ നടപടി സ്വീകരിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും വിശ്വാസികളുടെ പൊതു വികാരമാണ് സിസ്റ്റര്‍ ലൂസിയെ അറിയിച്ചതെന്നും സെന്റ് മേരീസ് പള്ളി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

Full View

സമരത്തെ പിന്തുണച്ച യാക്കോബായാ സഭയിലെ റമ്പാന്‍ യൂഹാനോനെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് സഭ വിലക്കിയത്. ഇക്കാര്യം അറിയിച്ച് റമ്പാന് സഭാ നേതൃത്വം കത്ത് കത്ത് നല്‍കി. കത്തോലിക്കാ സഭയുടെ ഇടപെടലിനെ തുടര്‍ന്നല്ല നടപടിയെന്നും തുടര്‍ച്ചയായി സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് റമ്പാനെ വിലക്കിയതെന്നും യാക്കോബായ സഭ വിശദീകരിച്ചു.

Tags:    

Similar News