ബ്രൂവറിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്; കിന്‍ഫ്ര നല്‍കിയ സമ്മതപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്

ബ്രൂവറി അഴിമതി വിവാദത്തില്‍ മന്ത്രി ഇ. പി ജയരാജന്റെ വാദം പൊളിയുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

Update: 2018-10-01 06:52 GMT

ബ്രൂവറി അഴിമതി വിവാദത്തില്‍ മന്ത്രി ഇ. പി ജയരാജന്റെ വാദം പൊളിയുന്നു. പവര്‍ ഇന്‍ഫ്രാടെകിന് ബ്രൂവറി തുടങ്ങാന്‍ സ്ഥലം അനുവദിച്ച് കിന്‍ഫ്ര സമ്മതപത്രം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. 2017 മാര്‍ച്ചിലാണ് പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി നല്‍കാന്‍ തത്വത്തില്‍ സമ്മതമാണെന്ന് കിന്‍ഫ്ര അറിയിക്കുന്നത്. ആര്‍ക്കും ഒരു തുണ്ട് ഭൂമിയും നല്‍കിയിട്ടില്ല എന്നായിരുന്നു മന്ത്രി ഇ പി ജയരാജന്റെ വിശദീകരണം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കിന്‍ഫ്ര പ്രൊജക്ട്സ് ജനറല്‍ മാനേജറാണ് സമ്മതപത്രം നല്‍കിയിരിക്കുന്നത്. ബ്രൂവറി തുടങ്ങാനായി സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള പവര്‍ ഇന്‍ഫ്രാടെകിന്‍റെ അപേക്ഷ സൂക്ഷ്മ പരിശോധന നടത്തിയതായും സ്ഥലം അനുവദിക്കാന്‍ തത്വത്തില്‍ സമ്മതമാണെന്നും അറിയിക്കുന്നതാണ് ഈ ഉത്തരവ്.

Advertising
Advertising

10 ഏക്കര്‍ സ്ഥലം കളമശ്ശേരിയിലെ ഹൈടെക് പാര്‍ക്കില്‍ അനുവദിക്കാം. കിന്‍ഫ്രയുടെ മറ്റു പാര്‍ക്കുകളില്‍ സ്ഥലം വേണമെങ്കിലും അതും പരിശോധിക്കാം. ജലം, വൈദ്യുതി എന്നിവക്ക് സൌകര്യമൊരുക്കാമെന്നും സമ്മതപത്രത്തില്‍ പറയുന്നു. ഈ സമ്മതപത്രം അടിസ്ഥാനമാക്കിയാണ് ബ്രൂവറിക്കുള്ള അനുമതിക്കായി പവര്‍ ഇന്‍ഫ്രാടെക് എക്സൈസ് വകുപ്പിന് അപേക്ഷ നല്‍കുന്നത്.

പവര്‍ ഇന്‍ഫ്രാടെക് സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചതായും സ്ഥലം ഉണ്ടെന്ന് അറിയിച്ചെന്നും മാത്രമാണ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. വെറും അറിയിപ്പല്ലെന്നും ബ്രുവറിക്കായി സര്‍ക്കാരില്‍ അപേക്ഷ നല്‍കാന്‍ കഴിയും വിധമുള്ള സമ്മതപത്രം കിന്‍ഫ്ര രേഖാമൂലം നല്‍കുകയാണ് ചെയ്തതെന്നും തെളിയിക്കുന്നതാണ് ഈ രേഖ. പവര്‍ ഇന്‍ഫ്രാടെകിന്‍റെ അപേക്ഷയില്‍ വളരെ വേഗം നടപടി എടുത്തതായും ഇത് സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ബ്രൂവറി ഇടപാടില്‍ വ്യവസായവകുപ്പിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

Full View
Tags:    

Similar News