ശബരിമല സ്ത്രീ പ്രവേശം: സമവായ നീക്കവുമായി സി.പി.എം

സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

Update: 2018-10-05 14:41 GMT

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമവായനീക്കവുമായി സി.പി.എം. വിധി നടപ്പാക്കുന്നതിന് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാനും സി.പി.എം തീരുമാനിച്ചു. കോടതി വിധി സര്‍ക്കാരിനെതിരായ രാഷ്ട്രീയക്കളിയാക്കി മാറ്റാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് കോടിയേരി ദേശാഭിമാനിയില്‍ എഴുതി. സുപ്രീംകോടതി വിധിക്കെതിരെ പത്തനംതിട്ട ഡി.സി.സി ഏകദിന ഉപവാസ സമരം നടത്തി. പുനഃപരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.എം മാണിയും ആവശ്യപ്പെട്ടു.

Advertising
Advertising

Full View

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ പരസ്യപ്രതിഷേധത്തിന് കോണ്‍ഗ്രസും, ബിജെപിയും രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത്. സുപ്രീംകോടതിയുടെ വിധി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയനീക്കമായി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ചില നേതാക്കള്‍ പിന്തുണ നല്‍കുകയാണെന്ന് കോടിയേരി ആരോപിച്ചു.

കോടതി വിധി സ്ത്രീസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത് മാത്രമല്ല, അനാചാരങ്ങളുടെ ശിരസ്സ് ഉടയ്ക്കുന്നത് കൂടിയാണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ഇസ്ലാമിലെ ബഹുഭാര്യാത്വം എന്നീ വിഷയങ്ങളെ പാര്‍ട്ടി നിലപാടും കോടിയേരി ഓര്‍മിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് മലക്ക് പോകാം താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകണ്ട. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര കോളത്തില്‍ വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ ഇടപെടല്‍ ശക്തമാക്കുന്ന കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ ഏകദിനം ഉപവാസം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News