ഐ.എസ്.ആര്‍.ഒ ചാരക്കേസ്; സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുക നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ കൈമാറി

Update: 2018-10-09 11:54 GMT

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുക ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാനസര്‍ക്കാര്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് നല്‍കി. നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യാഗസ്ഥരില്‍ നിന്നും ഈടാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

24 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന് സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിച്ചത്. കെട്ടിച്ചമച്ച കേസില്‍ കസ്റ്റഡി പീഡനം ഏല്‍ക്കേണ്ടി വന്ന നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. സെപ്തംബര്‍ അവസാനം ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൈമാറിയത്.

Advertising
Advertising

ചാരക്കേസില്‍ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തെ വരെ സ്വാധീനിച്ചു. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ കൂടെയുണ്ടെന്ന സന്തോഷം തോന്നുന്നുവെന്ന് നമ്പി നാരായണന്‍ പറ‍ഞ്ഞു. കേസില്‍ പീഡിപ്പിക്കപ്പെട്ട മറ്റുള്ളവര്‍ക്കും സഹായം നല്‍കാന്‍ സാധിക്കുമോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും നമ്പി നാരായണന്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News