ശബരിമലയിലേക്കുള്ള മേല്‍ശാന്തി അഭിമുഖം തടസപ്പെട്ടു

മോഹനനരെ ഒഴിവാക്കി അഭിമുഖം നടത്താമെന്ന ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്.

Update: 2018-10-12 15:55 GMT

കണ്ഠരര് മോഹനരെ ഇന്‍റര്‍വ്യൂബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള മേല്‍ശാന്തി അഭിമുഖം തടസപ്പെട്ടു. മോഹനനരെ ഒഴിവാക്കി അഭിമുഖം നടത്താമെന്ന ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്. മാളികപ്പുറം മേല്‍ശാന്തി അഭിമുഖം നാളെ നടക്കും.

ശബരിമലയിലേക്കുള്ള മേല്‍ ശാന്തിക്കായുള്ള അഭിമുഖം ഇന്ന് രാവിലെ 9 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇന്‍റര്‍വ്യൂബോര്‍ഡില തന്ത്രികുടുംബാംഗങ്ങള്‍ കണ്ഠരര് രാജീവരും മഹേഷ് മോഹനരരും ആയിരുന്നു. മഹേഷ് മോഹനരര് എത്തില്ലെന്നും പകരം കണ്ഠരര് മോഹനരര് എത്തുമെന്നും തന്ത്രികുടുംബം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

Advertising
Advertising

Full View

ഒരു കേസിന്‍റ പശ്ചാത്തലത്തില്‍ മോഹനരരെ ശബരിമലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നതിനാല്‍ ഈ നിര്‍ദേശം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ല. അഭിമുഖം നടക്കുന്നത് ഹൈകോടതി നിരീക്ഷണത്തിലായതിനാല്‍ ഹൈകോടതിയുടെ നിര്‍ദേശം സ്വീകരിക്കാമെന്നായി ദേവസ്വംബോര്‍ഡ്. ഇക്കാര്യം ഹൈകോടതിയെ ദേവസ്വംബോര്‍ഡ് അറിയിച്ചു. വൈകിട്ട് മൂന്നു മണിയോടെ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കി.

ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ എത്തിയ അംഗങ്ങളെ വെച്ച് അഭിമുഖം നടത്താമെന്നും കോടതി പറഞ്ഞു. മഹേഷ് മോഹനരര് എത്താത്തിനാല്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠരര് രാജീവര് മാത്രമാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുത്തത്. അഭിമുഖം 3.30 ഓടെ ആരംഭിക്കുകയും ചെയ്തു. കേസില്‍ നിന്ന് ഒഴിവായ മോഹനരര് ശബരിമല ശാന്തിവൃത്തിയിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇന്‍റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതെന്നാണ് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 79 പേരാണ് എഴുത്തുപരീക്ഷ പാസായി അഭിമുഖത്തിനെത്തിയത്. നാളെ മാളികപ്പുറത്തെ മേല്‍ശാന്തിക്കായുള്ള അഭിമുഖം നടക്കും.

Tags:    

Similar News