ശബരിമല കര്‍ശന സുരക്ഷാവലയത്തില്‍; നിരോധനാജ്ഞ നീട്ടി

നേരത്തെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി.

Update: 2018-10-20 03:16 GMT

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സന്നിധാനവും പരിസരവും കര്‍ശന സുരക്ഷാവലയത്തില്‍. നേരത്തെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. വരും ദിവസങ്ങളിലും യുവതികള്‍ മലകയറാന്‍ ശ്രമിച്ചാല്‍ വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന ബുധനാഴ്ച നിലയ്ക്കലിലും പമ്പയിലും ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 18, 19 തിയതികളില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ദിവസങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. സന്നിധാനത്ത് നടപ്പന്തല്‍ വരെ പൊലീസ് സംരക്ഷണത്തില്‍ യുവതികള്‍ എത്തിയ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മാസ പൂജ അവസാനിക്കുന്ന 22 വരെ നിരോധനാജ്ഞ നീട്ടിയത്.

Advertising
Advertising

വരുംദിവസങ്ങളിലും യുവതികള്‍ സന്നിധാനത്ത് എത്തുന്നതിന് സാധ്യതയുണ്ടെന്നും ഇവരെ പ്രതിരോധിക്കാന്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. പതിനെട്ടാം പടിക്ക് ചുവട്ടില്‍ പരികര്‍മികള്‍ വരെ പ്രതിഷേധത്തിന് തയ്യാറായതില്‍ ദേവസ്വം ബോര്‍ഡും ആശങ്കയിലാണ്. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Full View
Tags:    

Similar News