കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍: സ്റ്റേ തീരുമ്പോള്‍ വ്യക്തത വരുത്തുമെന്ന് കോടതി

എം.എല്‍.എ എന്ന നിലക്കുള്ള അവകാശം തടയണമെന്ന് പരാതിക്കാരനായ എം.വി നികേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു

Update: 2018-11-13 09:11 GMT

അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ച് സ്റ്റേ കാലാവധി തീരുന്ന മുറക്ക് വ്യക്തത വരുത്തുമെന്ന് ഹൈക്കോടതി. എം.എല്‍.എ എന്ന നിലക്കുള്ള അവകാശം തടയണമെന്ന് പരാതിക്കാരനായ എം.വി നികേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയതിന് കഴിഞ്ഞ വെളളിയാഴ്ചയാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.

അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ ഹരജിയിലാണ് മുസ്‍ലിം ലീഗ് നേതാവായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സുപ്രീംകോടിയെ സമീപിക്കുന്നതിന് സാവകാശം തേടി കെ.എം ഷാജി കോടതിയെ സമീപിച്ചതോടെ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. ഈ സമയത്താണ് എം.എല്‍.എ എന്ന നിലക്കുള്ള അവകാശങ്ങള്‍ തടയണമെന്ന് നികേഷ് ആവശ്യമുന്നയിച്ചത്. ഇതില്‍ ഇന്ന് കോടതി വാദം കേട്ടെങ്കിലും രണ്ടാഴ്ചക്ക് ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു.

Full View

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ചായിരുന്നു ഹരജി. അമുസ്‍ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‍ലിം വീടുകളില്‍ പ്രചാരണം നടത്തിയെന്നായിരുന്നു നികേഷിന്റെ വാദം. ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

Tags:    

Similar News