‘വീൽചെയർ ഫ്രണ്ട്‍ലി ആയില്ലെങ്കിലും ഉള്ള സൗകര്യങ്ങള്‍ എടുത്ത് കളയണോ?’ ഈ പ്ലസ്‍വണ്‍ വിദ്യാര്‍ത്ഥി ചോദിക്കുന്നു

വീല്‍ചെയര്‍ സൌഹൃദ സംസ്ഥാനത്തെക്കുറിച്ച് നാം വാചാലരാകാറുണ്ട്. എന്നാല്‍ പലപ്പോഴും വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന സൌകര്യം ഇവിടെ വളരെ പരിമിതമാണ്.

Update: 2018-11-14 05:18 GMT

വീല്‍ചെയര്‍ സൌഹൃദ സംസ്ഥാനത്തെക്കുറിച്ച് നാം വാചാലരാകാറുണ്ട്. എന്നാല്‍ പലപ്പോഴും വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന സൌകര്യം ഇവിടെ വളരെ പരിമിതമാണ്. എന്നാല്‍ ഉള്ള സൌകര്യങ്ങളും സര്‍ക്കാര്‍ എടുത്തുകളഞ്ഞാല്‍ പിന്നെ എന്ത് ചെയ്യുമെന്നാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി മുഹമ്മദ് ഫാസില്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാസിലിന്റെ പ്രതികരണം.

കെ.എസ്.ആർ.ടി.സിയുടെ വീൽചെയർ സൗഹൃദ ലോ ഫ്ലോർ ബസുകളിലെ, വീൽചെയർ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകൾ ആഡ് ചെയ്തിരിക്കുന്നതായാണ് ഫാസില്‍ പറയുന്നത്. അതുകൊണ്ട് തന്നെ റാംപ് ഉപയോഗിച്ച് അകത്ത് കടക്കാന്‍ സാധിക്കുന്നില്ല. വീൽചെയർ പൊക്കി വെക്കുക എന്നത് തന്നെപ്പോലെ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാണ്. തങ്ങൾക്ക് യാത്ര ചെയ്യാൻ ആകെ പറ്റുന്നത് ഈ കെ.യു.ആർ.ടി.സിയിൽ മാത്രമാണ്. അതും എടുത്ത് കളയുമ്പോ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ലെന്നും ഫാസില്‍ പറയുന്നു.

Advertising
Advertising

കേരളത്തിൽ ഇത്തരത്തില്‍ ലോ ഫ്ലോർ സൗകര്യം ഉപയോഗിക്കുന്നവര്‍ക്കും ഈ അനുഭവമാണോ എന്നറിയണമെന്നും, അങ്ങനെയുള്ളവര്‍ മുന്നോട്ട് വരണമെന്നും ഫാസില്‍ ആവശ്യപ്പെടുന്നു. ഇല്ലാത്ത സൗകര്യം ഉണ്ടാക്കാനല്ല, മറിച്ച് ഉള്ളത് എടുത്ത് കളഞ്ഞതിനെതിരെയുള്ളതാണ് ഈ പ്രതിഷേധമെന്നും ഫാസില്‍ വ്യക്തമാക്കുന്നു.

മലപ്പുറം സ്വദേശിയായ ഫാസില്‍ പ്ലസ്‍വണ്‍ വിദ്യാര്‍ത്ഥിയാണ്. അഞ്ചാം വയസിലാണ് മസ്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ഫാസിലിന്റെ ശരീരത്തെ ബാധിച്ചത്. എന്നുകരുതി എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ ഫാസിലിനെ കിട്ടില്ല. ഇതിനോടകം പൊതുഇടങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസിലിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം നല്‍കുന്നതാണ്. വളരെ മികച്ച പഠനമികവ് കാഴ്ച വെക്കുന്ന ഈ വിദ്യാര്‍ത്ഥി കഴിഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസും നേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുറം രാജ്യങ്ങളിലെ വീൽചെയർ സൗഹൃദത്തെക്കുറിച്ച് നാം പലപ്പോഴും വാചാലരാകാറുണ്ട്. പാർക്കുകൾ ബീച്ചുകൾ ദേവാലയങ്ങൾ പബ്ലിക് ട്രാൻസ്പോർട്ടുകൾ തുടങ്ങി എല്ലാ ഇടങ്ങളും പ്രത്യേകിച്ച് വകഭേദങ്ങൾ ഒന്നുമില്ലാതെ എല്ലാര്ക്കും കയറിച്ചെല്ലാം. വികസിത രാജ്യങ്ങൾ എന്ന പരിഗണനകൾ അത്തരം രാജ്യങ്ങൾക്ക് നൽകാമെങ്കിലും ഒരു വികസ്വര രാജ്യം എന്ന നിലക്ക് ഇന്ത്യക്കും ഇത് ഒരു പരിതിവരെ ഭാതകമാണ്.

ഈ അടുത്ത കാലത്താണ് നമ്മുടെ നാടുകളിൽ വീൽചെയർ ഫ്രണ്ട്ലി എന്ന ആശയം തന്നെ ഉയർന്നു വരുന്നത്.ആ ഉൽബോധനം ഗവണ്മെന്റിനും സാധാരണക്കാർക്കും ഒരു പരിധിവരെ ബോധ്യമാവുകയും അതിനുവേണ്ട നടപടിക്രമങ്ങൾ ഉണ്ടാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.അതിപ്പോ എവിടെ ആണെങ്കിലും. വേണ്ട സൗകര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താം... പക്ഷെ ഉള്ള സൗകര്യങ്ങൾ എടുത്ത് കളഞ്ഞാൽ എങ്ങനെയുണ്ടാകും...

കെ.എസ്.ആർ.ടി.സി സർക്കാരിന്റെ കീഴിൽ ഉള്ളതാണല്ലോ. കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകൾ വീൽചെയർ സൗഹൃദമായിരുന്നു.ഇപ്പൊ അത് എടുത്തു കളഞ്ഞിരിക്കുന്നു,നാല് ടിക്കറ്റ് അധികം കീറാൻ.

വീൽചെയർ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകൾ ആഡ് ചെയ്തിരിക്കുന്നു.അതുകൊണ്ട് തന്നെ റാംപ് ഉപയോഗിച്ച് അകത്ത് കടക്കാനും പറ്റുന്നില്ല.വീൽചെയർ പൊക്കി വെക്കുക എന്നത് എന്നെപ്പോലെ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാണ്.ഞങ്ങൾക്ക് യാത്ര ചെയ്യാൻ ആകെ പറ്റുന്നത് ഈ കെ.യു.ആർ.ടി.സിയിൽ മാത്രമാണ്.അതും എടുത്ത് കളയുമ്പോ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല.

ശബ്‌ധിക്കണം.ഈ അനീതിക്കെതിരെ. വേണ്ടി വന്നാ റോട്ടിൽ ഇറങ്ങും. അതിന് മുന്നോടിയായിട്ട് ഞാൻ മാത്രമാണോ കേരളത്തിൽ ഈ ലോ ഫ്ലോർ സൗകര്യം ഉപയോഗിക്കുന്നത് എന്നറിയണം.അങ്ങനെ ഉപയോഗിക്കുന്നവരെ എല്ലാം കണ്ടെത്തണം.അങ്ങനെയുള്ളവർ please DM

ഇല്ലാത്ത സൗകര്യം ഉണ്ടാക്കാനല്ല.ഉള്ളത് എടുത്ത് കളഞ്ഞതിനെതിരെയുള്ളതാണ് ഈ പ്രതിഷേധം. സഞ്ചാര സ്വാതന്ത്യത്തിന്റെ ഈ ലംഘനം വെച്ചുപൊറുപ്പിക്കാൻ ഉദ്ദേശമില്ല.

Full View
Tags:    

Similar News