പ്രളയം: കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സഹായം അനുവദിച്ചത്.
പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം. നേരത്തെ അനുവദിച്ച 600 കോടി രൂപക്ക് പുറമെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സഹായം അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ ഉപസമിതിയാണ് കേരളത്തിനുള്ള അധിക ധന സഹായ തുക തീരുമാനിച്ചത്. 3048 കോടി 36 ലക്ഷം രൂപയാണ് തുക. ഇത് കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭ്യമാക്കും. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് 2500 കോടി രൂപ അനുവദിക്കണം എന്നായിരുന്നു ഈ റിപ്പോട്ടിലെ ശുപാര്‍ശ. ഈ ശിപാര്‍ശ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഉപസമിതി സഹായത്തുക തീരുമാനിച്ചത്.
എന്നാല്‍ അധിക ധനസഹായമായി കേരളം ആവശ്യപ്പെട്ടതിനേക്കാള്‍ കുറവാണ് കേന്ദ്രം അനുവദിച്ച തുക. 4900 കോടി രൂപ അനുവദിക്കണം എന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. മഴക്കെടുതി, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒഡീഷ, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.