പറന്നുയര്‍ന്ന് കണ്ണൂര്‍; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു, ഉദ്ഘാടനം വൈകിച്ചതിന് കാരണം യു.ഡി.എഫാണെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. അബൂദബിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ആണ് ആദ്യ വിമാനം.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യവിമാനം ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്ന അബുദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസിന്റെ ആദ്യ യാത്രയില്‍ 180 പേരാണ് യാത്ര തിരിച്ചത്.
വിമാനത്തവാളത്തിന്റെ ഉദ്ഘാടനം വൈകിച്ചതിന്റെ കാരണം യു.ഡി.എഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം , കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരിപ്പൂര്‍ സ്വകാര്യ വത്കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാണെന്നും പിണറായി പറഞ്ഞു.
വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ഫ്ലാഗ് ഓഫ്. വിവിധ കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം പേരാണ് ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയത്.
അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017ല്‍ നടക്കേണ്ടതായിരുന്നു. സി.പി.എം ഭരിക്കുന്ന ഒരു പഞ്ചായത്തിന്റെ നിലപാടാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം പറഞ്ഞു. മുല്ലപ്പളളി രാമചന്ദ്രനാണ് കണ്ണൂരില്‍ വിമാനത്താവളം വേണമെന്നാവശ്യപ്പെട്ട് തനിക്ക് ആദ്യം കത്ത് നല്‍കിയത്. വിവാദങ്ങളെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ മധ്യസ്ഥതക്ക് ശ്രമിക്കുമായിരുന്നുവെന്നും ഇബ്രാഹിം മീഡിയവണിനോട് പറഞ്ഞു.