പിറവം പള്ളിയില്‍ വിശ്വാസികളുടെ ആത്മഹത്യഭീഷണി, പൊലീസ് പിന്‍മാറി, സംഘര്‍ഷം അയഞ്ഞു
ഏപ്രില്‍ 19നാണ് പിറവം പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ വിധി വന്നത്.
പിറവം പള്ളി തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസ് വിശ്വാസികളുടെ ആത്മഹത്യാ ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസ് നടത്തിയ നാടകമാണ് പള്ളിയില്‍ നടന്നതെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.
ഉച്ചക്ക് 12 മണിയോടെയാണ് വലിയ പൊലീസ് സന്നാഹം പിറവം പള്ളിയിലേക്കെത്തിയത്. 2 മണിയോടെ പള്ളിയിൽ പ്രവേശിക്കാൻ തയാറായി ഇരിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗത്തെ പൊലീസ് അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് എത്തിയതോടെ പള്ളിയിൽ മണി മുഴക്കി യാക്കോബായ വിഭാഗം സംഘടിച്ചു. പള്ളിക്ക് മുകളിൽ കയറി സ്ത്രീകളടക്കമുള്ളവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
പ്രതിഷേധം തുടര്‍ന്നതോടെ 4 മണിക്കൂറിന് ശേഷം പൊലീസ് പിൻവാങ്ങി. പള്ളി വിട്ട് കൊടുക്കാൻ വിശ്വാസികൾ ഒരുക്കമല്ലെന്ന് യാക്കോബായ സഭ നേതൃത്വം പ്രഖ്യാപിച്ചു. സംഭവം പൊലീസിന്റെ നാടകമാണെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം രംഗത്തെത്തി. തങ്ങളെ വിളിച്ച് വരുത്തി അപമാനിച്ചു. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം നടത്തണമെന്ന് കഴിഞ്ഞ ഏപ്രില്‍ 19 നാണ് സുപ്രിംകോടതി വിധിച്ചത്. ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇന്ന് പള്ളിയിലെത്തിയത്.
പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നല്‍കാന്‍ കോടതി വിധിയില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ വാദം. ഏപ്രില്‍ 19നാണ് പിറവം പള്ളിയിലെ യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്നായിരുന്നു ഹൈകോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണ്. ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞിരുന്നു.