സന്നിധാനത്ത് ക്യാമറകള്‍ക്ക് നിരോധം, മൊബൈല്‍ ഫോണുകള്‍ വാങ്ങിവെയ്ക്കും
ശ്രീകോവിനു മുന്‍പിലും തിരമുറ്റത്തുമെല്ലാം ചിത്രങ്ങള്‍ എടുക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. കൂടാതെ, പ്‌ളാസ്റ്റിക്കുകള്‍ എത്തുന്നതും നിരോധിച്ചു.
ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ക്യാമറകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്. ശ്രീകോവിലിനുള്ളിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ മുതല്‍ തന്നെ സന്നിധാനത്ത് ഫോട്ടോഗ്രഫി നിരോധിച്ചിരുന്നു. എന്നാല്‍, കര്‍ശനമാക്കിയിരുന്നില്ല.
മലചവിട്ടിയെത്തുന്ന ഭക്തരില്‍ നിന്നും പതിനെട്ടാം പടി ചവിട്ടുന്നതിന് മുന്‍പായി, ടോക്കണ്‍ നല്‍കി മൊബൈല്‍ ഫോണുകള്‍ വാങ്ങിവയ്ക്കും. ദര്‍ശനത്തിനു ശേഷം തിരികെ നല്‍കും. ശ്രീകോവിനു മുന്‍പിലും തിരമുറ്റത്തുമെല്ലാം ചിത്രങ്ങള്‍ എടുക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. കൂടാതെ, പ്‌ളാസ്റ്റിക്കുകള്‍ എത്തുന്നതും നിരോധിച്ചു.
മണ്ഡലവിളക്ക് ഉത്സവം അടുത്ത സാഹചര്യത്തില്‍ എല്ലാ ദിവസവും അവോകന യോഗം ചേരും. പ്രശ്‌നങ്ങളുണ്ടായാല്‍ അത് അതേ ദിവസം തന്നെ പരിഹരിയ്ക്കാനാണ് ഇത്. പഴക്കമുള്ള അരവണ വിതരണം ചെയ്തുവെന്ന പ്രചാരണം ഗൗരവത്തോടെയാണ് ബോര്‍ഡ് കാണുന്നത്. ഇതിന് പിന്നിലെ ശക്തികളെ കണ്ടെത്തുന്നതിനായി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. എല്ലാ ഇടത്താവളങ്ങളിലും രണ്ടായിരം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കും. ഹില്‍ടോപ്പില്‍ നിന്നും പമ്പ ഗണപതി ക്ഷേത്രം വരെയുള്ള പാലം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.