സി.കെ ജാനു എ.കെ.ജി സെന്‍ററില്‍
ഇടത് മുന്നണി പ്രവേശനം ആവശ്യപ്പെട്ട് ജാനു കത്ത് നല്‍കും
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് സി.കെ ജാനു കത്ത് നല്‍കി. എ.കെ.ജി സെന്‍ററിലെത്തി ഇടത് മുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. തന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഘടകക്ഷിയാക്കണമെന്നാണ് ആവശ്യമെന്ന് സി.കെ ജാനു പറഞ്ഞു. മുന്നണി പ്രവേശന ആവശ്യം ശക്തമാക്കി ഐ.എന്‍.എല്‍ നേതൃത്വവും കണ്‍വീനറെ കണ്ടു.
കേന്ദ്രപദവികളടക്കം വാഗ്ദാനം ചെയ്തശേഷം തഴഞ്ഞെന്നാരോപിച്ചാണ് സി.കെ ജാനുവിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍.ഡി.എ വിട്ടത്. അതിന് പിന്നാലെ തന്നെ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനേയും മന്ത്രി എ.കെ ബാലനേയും കണ്ട് ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം സി.കെ ജാനു അറിയിച്ചിരിന്നു. ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടാണ് സി.കെ ജാനു എ.കെ.ജി സെന്‍ററിലെത്തി ഇടത് മുന്നണി കണ്‍വീനറെ കണ്ടത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കത്തും നല്‍കി.
അതിനിടെ ഐ.എന്‍.എല്‍ നേതൃത്വവും മുന്നണി പ്രവേശനം ആവശ്യം ശക്തമാക്കി നേതൃത്വത്തെ കണ്ടു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി മുന്നണിയുടെ ഭാഗമാക്കാനുള്ള സാധ്യത കുറവാണെങ്കിലും മുന്നണിയുമായി സഹകരിപ്പിക്കാന്‍ തീരുമാനമുണ്ടായേക്കും.