വനിതാ മതില്‍ വിവാദം കത്തി നില്‍ക്കെ സി.പി.എം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
വനിതാ മതില്‍ വിവാദം കത്തി നില്‍ക്കെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. വനിത മതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും പ്രധാന അജണ്ട. എന്‍.എസ്. എസിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്.
യു.ഡി.എഫും ബി.ജെ.പിയും എന്‍.എസ്.എസും ജനുവരി ഒന്നിന് തീരുമാനിച്ചിരിക്കുന്ന വനിത മതില്‍ പൊളിക്കാന്‍ പരസ്യമായി രംഗത്തുള്ള സാഹചര്യത്തില്‍ പരിപാടി വിജയിപ്പിക്കാനുള്ള ബാധ്യത സി.പി.എമ്മിന്റെ ചുമലില്‍ ആയിട്ടുണ്ട്. വനിത മതിലിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് തുടര്‍ പ്രചരണ പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നേതൃയോഗങ്ങളില്‍ നടക്കും. വനിത മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന എന്‍.എസ്.എസ് നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന് വരാനാണ് സാധ്യത. ഡിസംബര്‍ 26 ന് നടക്കുന്ന അയ്യപ്പജ്യോതി പരിപാടിയില്‍ പങ്കെടുക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി മൌനം പാലിക്കേണ്ടെന്ന ധാരണ സി.പി.എം നേതൃത്വത്തിലുണ്ടായിട്ടുണ്ട്. വനിത മതില്‍ തീരുമാനിച്ച യോഗത്തില്‍ മുസ്ലീം,ക്രിസ്റ്റ്യന്‍ വിഭാഗങ്ങളെ ഒഴിവാക്കിയെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇവരെ കൂടി സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം നേതൃയോഗങ്ങളില്‍ ഉയര്‍ന്ന് വന്നേക്കും.
വനിത മതിലില്‍ പരമാവധി സ്ത്രീകളെ എത്തിക്കാനാവശ്യമായി ഇടപെടലുകള്‍ നടത്തണമെന്ന നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി കീഴ് ഘടങ്ങള്‍ക്ക് നല്‍കും. ഡിസംബര്‍ 26 ന് ചേരുന്ന യോഗത്തില്‍ മുന്നണി വിപുലീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്ന് വരും. കഴിഞ്ഞാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യും.