മല കയറാനായില്ല; പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി

കോഴിക്കോട് , മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് പൊലീസ് സംരക്ഷണം തേടാതെ രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയത് . മരക്കൂട്ടത്തെത്തിയ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു .

Update: 2018-12-24 08:06 GMT

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കി. കോഴിക്കോട് സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവര്‍ക്കാണ് സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ അകലെവച്ച് യാത്ര അവസാനിപ്പിക്കേണ്ടിവന്നത്. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് ഇവരെ തിരിച്ചിറക്കിയത്. പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയതാണെന്ന് യുവതികള്‍ പറഞ്ഞു.

Full View

രാവിലെ ആറരയോടെയാണ് കനകദുര്‍ഗയും ബിന്ദുവും ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിനെത്തിയത്. യുവതികള്‍ പൊലീസുമായി ബന്ധപ്പെടുകയോ സുരക്ഷ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. പമ്പയില്‍ നിന്ന് നടന്നു തുടങ്ങിയ യുവതികള്‍ക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അപ്പാച്ചിമേട് എത്തിയതോടെ പ്രതിഷേധക്കാര്‍ സംഘടിച്ചു.

Advertising
Advertising

പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി പൊലീസ് മുന്നോട്ടുപോയി. ശബരിപീഠമെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചെത്തി. പൊലീസിന്റെ സ്ട്രൈകിംഗ് ഫോഴ്സും മലബാര്‍ സ്പെഷ്യല്‍ പൊലീസും കൂടി എത്തിയതോടെ യുവതികള്‍ മരക്കൂട്ടവും കടന്നു. ഇതോടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധം തുടങ്ങി. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പലര്‍ക്കും പരിക്കേറ്റു.

ഇതോടെ യുവതികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. യുവതികളുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇരുവരെയും പൊലീസ് ആംബുലന്‍സില്‍ കയറ്റി. പിന്നീട് പമ്പയിലെ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയതാണെന്ന് യുവതികള്‍ പറഞ്ഞു.

ഇതിനിടെ ബിന്ദുവിന്റെയും കനക ദുര്‍ഗയുടെയും വീടുകള്‍ക്ക് മുന്നിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇന്നലെ രാത്രി മുതല്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പം ബസിലും കാല്‍നടയായും സഞ്ചരിച്ച് മരക്കൂട്ടം വരെ എത്തിയ യുവതികള്‍ക്കാണ് പൊലീസ് തിരിച്ചുപോകേണ്ടിവന്നത്.

Tags:    

Similar News