‘ഫേസ്ബുക്ക് പരാമർശത്തിന്റെ പേരിൽ ഓഫീസ് തല്ലിത്തകർത്ത ഡി.വൈ.എഫ്.ഐ, എസ്എഫ്ഐക്കാരെ മിസ് ചെയ്യുന്നു’; പരിഹാസവുമായി വി.ടി ബല്‍റാം
പിണറായി വിജയനെതിരെ ജാതിയധിക്ഷേപം നടത്തിയ ജന്മഭൂമി പത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ ഞായറാഴ്ച്ചയാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്. വനിതാ മതില്‍ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നു ചിത്രീകരണം. പിണറായി വിജയന്റെ ചിത്രത്തിന് താഴെ 'തെങ്ങു കേറേണ്ടെവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്നതായിരുന്നു കാര്‍ട്ടൂണ്‍. ജന്മഭൂമിയ്ക്ക് വേണ്ടി ഗിരീഷ് മൂഴിപ്പാടമാണ് വിവാദമായ കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്. കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴും അത് പ്രസിദ്ധീകരിച്ച പത്രത്തിനോ സംഘടനക്കോ എതിരെ നടപ്പടിയെടുക്കാത്തതും വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിയ പ്രതിഷേധം പ്രമുഖ ഇടതു സംഘടനകളും പൊതുവായി ഏറ്റെടുത്തില്ല. നേരത്തെ വി.ടി ബല്‍റാം എ.കെ.ജിക്കെതിരായി നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പൊതുവിടത്തില്‍ ബല്‍റാമിനെ തടയുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ, എസ്എഫ്ഐ സംഘടനകളെ പരിഹസിച്ചുള്ള പോസ്റ്റുമായാണ് വി.ടി. ബല്‍റാം പിണറായി വിജയനെതിരെയുള്ള ജാതിയധിക്ഷേപ വിവാദത്തോട് പ്രതികരിച്ചത്.
പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഇന്ത്യയിലെ ഏക സി.പി.എം മുഖ്യമന്ത്രിക്കെതിരെ ഹീനമായ ജാത്യാധിക്ഷേപം നടത്തിയ ജന്മഭൂമി പത്രത്തിനെതിരെ പാർട്ടിയുടെയും പോഷക സംഘടനകളുടേയും പ്രതിഷേധമെന്നത് ചില നനഞ്ഞ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണോ’; ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഒരു ഫേസ്ബുക്ക് ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് തവണ തന്റെ ഓഫീസ് തല്ലിത്തകർക്കുകയും വീടിന് കല്ലെറിയുകയുമൊക്കെ ചെയ്ത ഡിഫിയേയും എസ്എഫ്ഐയേയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ബല്‍റാം പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്.