ഇടത് മുന്നണി വിപുലീകരിച്ചു; നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി
ഐ.എന്‍.എല്‍ , ജനാധിപത്യ കേരള കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ് ( ബി),ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളെയാണ് ഉള്‍പ്പെടുത്തിയത്
നാല് പാർട്ടികളെ ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചു. ലോക് തന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി എന്നിവരെയാണ് മുന്നണിയിൽ ഉൾപ്പെടുത്തിയത്.സി.കെ ജാനുവിന്റെ പാർട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരിക്കാനുള്ള ധാരണ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ന് ചേർന്ന ഇടത് മുന്നണി യോഗം വിപുലീകരണം ചർച്ച ചെയ്തത്. ഒരു ഡസനോളം പാർട്ടികളാണ് ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഇതിൽ നാല് പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്താനാണ് ഇന്ന് ചേർന്ന എൽ.ഡി.എഫ് തീരുമാനിച്ചത്.
സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ മുന്നണിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ കത്ത് നൽകിയിരുന്നെങ്കിലും അക്കാര്യത്തിൽ തീരുമാനമായില്ല. എന്നാൽ അവരെ മുന്നണിയുമായി സഹകരിപ്പിക്കും. മുന്നണിയുമായി സഹകരിക്കുന്ന കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പി, ജെ.എസ്.എസ് അടക്കമുള്ള പാർട്ടികളുമായി സഹകരണം തുടരും.