യുവതികളുടെ ശബരിമല ദര്‍ശനം പൊലീസിന്‍റെ പഴുതടച്ച ആസൂത്രണത്തില്‍
ഒരു ഐജിയുടെ ഗസ്റ്റുകളെന്ന് കണ്‍ട്രോള്‍ റൂമില്‍ ധരിപ്പിച്ചാണ് മഫ്തിയിലുളള ആറ് പൊലീസുകാര്‍ ഇവരെ സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.
പഴുതടച്ച ആസൂത്രണത്തോടെയാണ് ബിന്ദുവിന്‍റെയും കനകദുര്‍ഗയുടേയും ശബരിമല ദര്‍ശനം പൊലീസ് നടപ്പാക്കിയത്. ദേവസ്വം മന്ത്രിയെ പോലും വിവരം അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. സന്നിധാനത്തും പമ്പയിലുമുളള ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതേകുറിച്ച് വിവരം ലഭിച്ചത്. ദര്‍ശനത്തിനുള്ള ദിവസവും സമയവും തീരുമാനിച്ചതും പൊലീസ് തന്നെയായിരുന്നു.
ഡിസംബര്‍ 24ആം തിയതി ശബരിമലദര്‍ശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ബിന്ദുവും കനകദുര്‍ഗയും പിന്നീട് പൊലീസിന്‍റെ സംരക്ഷണയിലായിരുന്നു. ദര്‍ശനത്തിന് ഇവര്‍ വീണ്ടും ആവശ്യം ഉന്നയിച്ചതോടെ 30ന് ഇവരില്‍ നിന്ന് പൊലീസ് അനുമതിക്കായുള്ള അപേക്ഷ എഴുതി വാങ്ങി. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് 2ന് പുലര്‍ച്ചെ ദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ പൊലീസ് സംരക്ഷണത്തില്‍ നാല് പുരുഷന്‍മാര്‍ക്കൊപ്പം എറണാകുളത്ത് നിന്ന് ഇവര്‍ പമ്പയിലെത്തി. ഒരു ഐജിയുടെ ഗസ്റ്റുകളെന്ന് കണ്‍ട്രോള്‍ റൂമില്‍ ധരിപ്പിച്ചാണ് മഫ്തിയിലുളള ആറ് പൊലീസുകാര്‍ ഇവരെ സന്നിധാനത്തേക്ക് കൊണ്ടുപോയത്.
സന്നിധാനം വരെ പൊലീസ് അകലം പാലിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി. സന്നിധാനത്തിനും പമ്പയ്ക്കും ചുമതലയുള്ള എസ്പിമാര്‍ക്ക് ഈ സമയം മാത്രമാണ് നിര്‍ദ്ദേശം എത്തിയത്. പതിനെട്ടാം പടി ചവിട്ടിക്കാതെ വിഐപി ഗേറ്റ് വഴി പൊലീസ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും ദര്‍ശനം ഒരുക്കി. സ്പെഷ്യല്‍ ബ്രാഞ്ചിനെയും പദ്ധതിയുടെ വിവരം അറിയിച്ചില്ല. അതായത് പൊലീസ് ആസ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്തു. തുടര്‍ന്നുളള ദിവസങ്ങളിലും യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പ് വരുത്തും.