ശബരിമല സന്ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍, ജാഗ്രതയില്‍ പൊലീസ്
പ്രശ്‌നങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും മടങ്ങുകയാണ് എന്നുമായിരുന്നു വിദേശികളുടെ പ്രതികരണം.തമിഴ് മാസികയുടെ റിപ്പോര്‍ട്ടര്‍ ഗീതയും ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചു.
ശബരിമല സന്ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍ എത്തുന്ന സാഹചര്യത്തില്‍ പൊലീസ് കടുത്ത ജാഗ്രത തുടരുന്നു. സന്നിധാനത്തേക്ക് പോകാന്‍ നിരവധി സ്ത്രീകളാണ് ദിനംപ്രതി എത്തുന്നത്. സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി പൊലീസ് ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്.
ഇന്നലെ വൈകീട്ടാണ്, ശബരിമല സന്ദര്‍ശനത്തിനായി സ്വീഡന്‍ സ്വദേശികളായ മിഖേല്‍ മോറോസ, നദേസ ഉസ്‌ക്കോവ എന്നിവര്‍ നിലയ്ക്കലില്‍ എത്തിയത്. കണ്‍ട്രോള്‍ റൂമില്‍ എത്തിയ ഇവരെ പൊലീസ് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി തിരിച്ചയച്ചു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും മടങ്ങുകയാണ് എന്നുമായിരുന്നു വിദേശികളുടെ പ്രതികരണം.
തമിഴ് മാസികയുടെ റിപ്പോര്‍ട്ടര്‍ ഗീതയും ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചു. ഇവര്‍ക്കും പൊലീസ് അനുമതി നല്‍കിയില്ല. പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് ബസുകളില്‍ എത്തിയ വനിതകളെയും കണ്‍ട്രോള്‍ റൂമിലെത്തിച്ച് പൊലീസ് തിരിച്ചയകുകയായിരുന്നു.
സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിങ്ങിന് പോകണമെന്ന് ആവശ്യവുമായി എത്തിയ ടി.വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിക്ക് അധിക സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട് സ്വീകരിച്ചത്. മൂന്ന് ദിവസമായി പമ്പ വരെ പോകാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് നിലയ്ക്കല്‍ കണ്‍ട്രോള്‍ റൂമിന് മുന്‍പില്‍ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു. യുവതികള്‍ കൂടുതല്‍ എത്തുന്ന സാഹചര്യത്തില്‍ പൊലീസ് ജാഗ്രത തുടരുകയാണ്.