ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ സഭയുടെ പ്രതികാര നടപടി

മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചയിൽ പങ്കെടുത്തതിനും വിശദീകരണം നൽകണമെന്നാണ് ആവശ്യം. വിശദീകരണം...

Update: 2019-01-08 14:33 GMT
Advertising

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ പ്രതികാര നടപടി. സമരത്തില്‍ പങ്കെടുത്തതിന്റെയും മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെയും പേരില്‍ സിസ്റ്ററിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. നാളെ ആലുവയിലെ മഠത്തിലെത്തി മദര്‍ ജനറലിന് നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് വിശദീകരണ കത്തിലെ ആവശ്യം.

എഫ്.സി.സി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ ജനറലാണ് വാണിംങ് ലറ്റര്‍ അയച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്തു, മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, സ്വന്തമായി കാറ് വാങ്ങി എന്നീ അരോപണങ്ങളാണ് കത്തില്‍ പറയുന്നത്. നാളെ ആലുവയിലുള്ള മഠത്തിലെത്തി മദര്‍ ജനറലിന് നേരിട്ട് വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നാളെ ആലുവയില്‍ നേരിട്ട് ഹാജരാവില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

Full View

നേരത്തെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മതപഠനം നല്‍കുന്നതില്‍ നിന്നും മറ്റ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഇടവക വികാരി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നടപടി പിന്‍വലിക്കുകയായിരുന്നു.

Tags:    

Similar News