പ്ലസ് വൺ സീറ്റ്‌: മന്ത്രിസഭ തീരുമാനം വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് - ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്ലസ് വൺ അഡ്മിഷൻ പ്രക്രിയകൾ ആരംഭിക്കുന്നതിന് മുന്നേ മലബാറിലെ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു

Update: 2024-05-02 16:15 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കാനെന്നോണം മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെയും വിദ്യാർത്ഥികളെയും കബളിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്.

കനത്ത പ്രതിഷേധങ്ങളെ തുടർന്ന് മുൻ വർഷങ്ങളിൽ എടുത്ത തീരുമാനങ്ങൾ പുതിയ കുപ്പിയിലാക്കി നേരത്തെ അവതരിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. കേരളത്തിലെ, വിശിഷ്യ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ഒരു നിർദേശവും ഈ വർഷവും സർക്കാർ തലത്തിൽ നിന്ന് ഉണ്ടായിട്ടില്ല.

Advertising
Advertising

എല്ലാ വർഷത്തെയും പോലെ 20 മുതൽ 30 ശതമാനം വരെ മാർജിനൽ സീറ്റ്‌ വർദ്ധനവ് ആണ് മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങളിൽ ഒന്ന്. കോടതി പോലും ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം പരമാവധി 40 ആയി നിജപ്പെടുത്തിയിട്ടും മാർജിനൽ വർധനവിലൂടെ വിദ്യാർത്ഥികളുടെ എണ്ണം 65 ലേക്കുയർത്തി വിദ്യാർത്ഥികളെ പരീക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

മുൻ വർഷങ്ങളിൽ താത്കാലികമായി അനുവദിച്ചിരുന്ന 81 അധിക ബാച്ചുകൾ നിലനിർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.. എന്നാൽ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പ്രകാരം ഈ ബാച്ചുകൾ അപര്യാപ്തമാണ്. കേരളത്തിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ 150 ബാച്ചുകളെങ്കിലും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പ്രസ്തുത റിപ്പോർട്ട്‌ പുറത്ത് വിടുക പോലും ചെയ്യാതിരിക്കുകയാണ് സർക്കാർ. താത്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്തെങ്കിൽ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ താത്കാലിക പരിഹാരം നേരത്തെ നടപ്പിലാക്കുന്നത് മലബാറിലെ സീറ്റ്‌ പ്രതിസന്ധികൾ ഉണ്ടെന്ന തുറന്ന് സമ്മതിക്കലാണ്.

ഓരോ വർഷവും പ്ലസ് വണ്ണിന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി വരികയാണ്. എന്നിട്ട് പോലും ശാശ്വത പരിഹാരം കാണാതെ വിദ്യാർത്ഥികളുടെ ഭാവിവെച്ചുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

വിദ്യാഭ്യാസ മേഖലയിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും ഉടനടി ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാവണം. പ്ലസ് വൺ അഡ്മിഷൻ പ്രക്രിയകൾ ആരംഭിക്കുന്നതിന് മുന്നേ മലബാറിലെ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കണം. അല്ലാത്ത പക്ഷം സർക്കാരിനെതിരെ വലിയ സമര പോരാട്ടങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. അർച്ചന പ്രജിത്ത്, ലബീബ് കായക്കൊടി, നഈം ഗഫൂർ, ഡോ. എ.കെ സഫീർ, നൗഫ ഹാബി എന്നിവർ സംസാരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News