സണ്ണി എം. കപിക്കാടിനെ ആക്ഷേപിച്ച അജയ് തറയില്‍ മാപ്പുപറയണം -വെല്‍ഫെയര്‍ പാര്‍ട്ടി
'സവര്‍ണ ജാതിബോധത്തില്‍ അധിഷ്ഠിതമായ പോസ്റ്റ് പിന്‍വലിക്കണം'
കോഴിക്കോട്: സണ്ണി എം. കപിക്കാടിനെ മുന്‍നിര്‍ത്തി അജയ് തറയില്‍ ആക്ഷേപിച്ചത് ഒരു സമുദായത്തെ തന്നെയാണെന്നും സവര്‍ണ ജാതിബോധത്തില്‍ അധിഷ്ഠിതമായ പോസ്റ്റ് പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനാണ് സണ്ണി എം. കപിക്കാട്. വംശീയ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നവര്‍ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. സംവരണ സീറ്റുകളിലെ പാര്‍ട്ടി പ്രാതിനിധ്യമല്ല, ദലിത് സമുദായത്തിന്റെ അധികാര പങ്കാളിത്തമെന്ന വലിയൊരു രാഷ്ട്രീയ ആശയത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടംപിടിച്ചതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
യുഡിഎഫ് സീറ്റ് നിഷേധിച്ചതിനോട് നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്. അജയ് തറയിലിന്റെ പോസ്റ്റ് അസ്ഥാനത്തും അനുചിതവുമാണ്. തികഞ്ഞ ജാതിബോധത്തോടെ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും ജോലിയുമായും ബന്ധപ്പെട്ട് അജയ് തറയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം അസത്യവും ജാതിബോധത്തില്‍ അധിഷ്ഠിതവുമാണ്. സവര്‍ണത ദലിതരോട് എങ്ങനെ പ്രവര്‍ത്തിക്കും എന്ന് തിരിച്ചറിയുന്ന സൂക്ഷ്മ രാഷ്ട്രീയ കാലത്ത് ഈ മാടമ്പി രാഷ്ട്രീയത്തെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്ന് അജയ് തറയിലും ഒപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും മനസ്സിലാക്കണം -ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.