സണ്ണി എം. കപിക്കാടിനെ അജയ് തറയില്‍ അധിക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം : കെ.കെ ബാബുരാജ്
'സണ്ണിക്ക് എതിരെ സംഘപരിവാര്‍ ശക്തികള്‍ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് ഈ കോണ്‍ഗ്രസ് നേതാവ് ഏറ്റുവിളിച്ചിട്ടുള്ളത്'
കോഴിക്കോട്: സണ്ണി എം. കപിക്കാടിനെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും മറ്റു കോണ്‍ഗ്രസ് നേതാക്കളും മറുപടി പറയണമെന്ന് എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ്.
അജയ് തറയില്‍ സണ്ണി എം. കപിക്കാടിനെ വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബത്തെയും അതിനീചമായി ആക്ഷേപിച്ചിരിക്കുകയാണെന്ന് കെ.കെ. ബാബുരാജ് ചൂണ്ടിക്കാട്ടി. സണ്ണിക്ക് എതിരെ സംഘപരിവാര്‍ ശക്തികള്‍ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് ഈ കോണ്‍ഗ്രസ് നേതാവ് ഏറ്റുവിളിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന തീവ്ര ഹിന്ദുത്വവാദികളെ ചെറുത്തു തോല്‍പിക്കാന്‍ ദലിത് -പിന്നാക്ക -ന്യൂനപക്ഷ ജനതകള്‍ മുന്നിട്ടിറങ്ങുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പോലുള്ള കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം പുതിയൊരു ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിനൊപ്പം നിലയുറപ്പിക്കാന്‍ സന്നദ്ധമായിട്ടുള്ളത്. ആ ചുവടുവെപ്പുകളെ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ വലിച്ചെറിയുന്നതെന്ന് വ്യക്തമാണ്. ഇതേ ധൈര്യത്തിലാണ് അജയ് തറയില്‍ അയാളുടെ സംഘി മനോഘടന പുറത്തെടുത്തിട്ടുള്ളത്.
സണ്ണി എം. കപിക്കാട് നിയമപരമായും ജീവിതക്രമം കൊണ്ടും ദലിത് ക്രൈസ്തവനല്ല. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നവര്‍ ദലിത് ക്രൈസ്തവ ജനതയോടുള്ള വംശീയ വെറുപ്പിനെയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ വിപുലമായ ഒരു വിഭാഗമായ ദലിത് ക്രൈസ്തവ സമുദായത്തെ ഇപ്രകാരം അവമതിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കയറൂരി വിട്ടതിന് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും എ.കെ ആന്റണിയും അടക്കമുള്ളവര്‍ മറുപടി പറയേണ്ടതുണ്ട്. മാത്രമല്ല, അയാളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കി നിയമ നടപടികള്‍ എടുക്കുകയും വേണം -കെ.കെ ബാബുരാജ് ആവശ്യപ്പെട്ടു.