എസ്.ബി.ഐ ആക്രമണം; എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി 

റിമാന്‍ഡിലുള്ള രണ്ട് എന്‍.ജി.ഒ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹരിലാല്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. 

Update: 2019-01-12 13:32 GMT

തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസില്‍ എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. റിമാന്‍ഡിലുള്ള രണ്ട് എന്‍.ജി ഒ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹരിലാല്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എൻ.ജി.ഒ യൂണിയന്‍ നേതാക്കളെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇന്നലെ റിമാൻഡിലായ അശോകന്‍,ഹരിലാല്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ട്രഷറി വകുപ്പാണ് അശോകനെ സസ്പെൻഡ് ചെയ്തത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് ഹരിലാലിനെതിരെ നടപടിയെടുത്തത്. അതേസമയം കേസിലെ പ്രതികളായ സുരേഷ് ബാബു, അനിൽ എന്നിവർ നഗരത്തിൽ തന്നെയുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതു നേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്നും പൊലീസ് കണ്ടെത്തി. സി.പി.എം സംരക്ഷണയോടെ പാർട്ടി ഓഫീസില്‍ പ്രതികൾ കഴിയുന്നുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

നിലവിലെ സാഹചര്യത്തിൽ പാർട്ടി ഓഫീസുകളിൽ റെയ്ഡ് നടത്താൻ ആകില്ലെന്നും അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നു. എന്നാൽ കേസിൽ കർശന നടപടിയുമായി മുന്നോട്ട് പോകണമെന്നാണ് ഡി.സി.പി ചൈത്ര ഐ.പി.എസ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച ഹൈക്കേടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനും പ്രതികള്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News