ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

മുകുള്‍ വാസ്നിക്കിന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു

Update: 2019-01-26 03:46 GMT

ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും.

ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയത്തും ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

Advertising
Advertising

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയത്ത് നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃയോഗത്തില്‍ കരുത്തനായ ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന് മുകുള്‍ വാസ്നിക്കിനോട് ജില്ല പ്രസിഡന്റ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വന്‍ വിജയം ഉണ്ടാക്കാമെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറുപടി പ്രസംഗത്തില്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക എന്നും മുകുള്‍ വാസ്നിക് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ ഉയര്‍ത്തിക്കാട്ടിയാല്‍ കോട്ടയത്ത് തന്നെ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കാം. എന്നാല്‍ കെ.എം മാണിയുമായി ഉണ്ടാക്കിയ ധാരണ കണക്കിലെടുത്ത് ഇടുക്കിയിലേക്ക് ഉമ്മന്‍ചാണ്ടി മാറാനും സാധ്യതയുണ്ട്. ഇതിനെല്ലാം ഉപരിയായി നിയമസഭയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാറി നില്‍ക്കാന്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരും.

Full View
Tags:    

Similar News