ഒറ്റപ്പാലത്തെ ഇടത്തോട്ട് തിരിച്ച ശിവരാമന്‍
കെ.ആര്‍ നാരായണന്‍ ഉപരാഷ്ട്രപതി ആയതോടെയാണ് 1993ല്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് വന്നത്. കെ.കെ ബാലകൃഷ്ണനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇടതുമുന്നണി രംഗത്തിറക്കിയതാകട്ടെ പുതുമുഖമായ എസ്. ശിവരാമനെയും.
1993ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലം ഇടതുപക്ഷത്തോടൊപ്പം നിന്നത് ചരിത്രമാണ്. കെ.ആര്‍ നാരായണനെപോലുള്ള കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് വിജയിച്ചുവന്ന മണ്ഡലം പിടിച്ചടക്കാന്‍ സി.പി.എം നിയോഗിച്ചത് 26 വയസുകാരന്‍ എസ് ശിവരാമനെ. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ശിവരാമന്‍ ലോക്സഭയിലെത്തിയത്.
1984 മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായിരുന്നു ഒറ്റപ്പാലം. എന്നാല്‍ 1993ലെ ഉപതെരഞ്ഞെടുപ്പോടെ മണ്ഡലത്തിന്‍റെ സ്വഭാവം മാറി. കോണ്‍ഗ്രസിലെ കെ.ആര്‍ നാരായണന്‍ ഉപരാഷ്ട്രപതി ആയതോടെയാണ് 1993ല്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് വന്നത്. മുതിര്‍ന്ന നേതാവ് കെ.കെ ബാലകൃഷ്ണനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇടതുമുന്നണി രംഗത്തിറക്കിയതാകട്ടെ പുതുമുഖമായ എസ്. ശിവരാമനെയും.
അപ്രതീക്ഷിതമായിരുന്നു പി.ജി വിദ്യാര്‍ഥിയായിരുന്ന ശിവരാമന്‍റെ സ്ഥാനാര്‍ത്ഥിത്വം. കോണ്‍ഗ്രസ് ഹാട്രിക് ജയം നേടിയ മണ്ഡലത്തില്‍ പൊടിപാറിയ മത്സരം. ന്യൂനപക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കിട്ടി. വോട്ടെണ്ണിയപ്പോള്‍ ശിവരാമന് 1,32,652വോട്ടിന്‍റെ ഭൂരിപക്ഷം. മാധ്യമങ്ങളിലൂടെമാത്രം കണ്ട് പരിചയിച്ച നേതാക്കളെ നേരിട്ട് കണ്ട കൌതുകമാണ് പാര്‍ലമെന്‍റിലെത്തിയപ്പോള്‍ ആ ഇരുപത്തി ആറുകാരന് ആദ്യം ഉണ്ടായത്.
പിന്നീട് മണ്ഡലം സിപിഎമ്മിനെ കൈവിട്ടിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഒറ്റപ്പാലം ആലത്തൂരായി മാറി. ശിവരാമന്‍ പിന്നീട് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിച്ചില്ല. ഇപ്പോള്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാണ്. ആലത്തൂരില്‍ സി.പി.എം പരിഗണിക്കുന്ന പ്രധാന മുഖം കൂടിയാണ് എസ്. ശിവരാമന്‍.