ഐ.ടി.ഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ ആണ് അറസ്റ്റിലായത്.
കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെയാണ് ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രണ്ടാം പ്രതിയാക്കിയാണ് സരസന്‍ പിള്ളക്കെതിരെ പൊലീസ് കേസെടുത്തത്. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ സി.പി.എം പ്രാദേശിക നേതാവിനെതിരെ ചുമത്തിയിട്ടുണ്ട്.
കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതിയും കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനുമായിരുന്ന വിനീത് റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ഫെബ്രുവരി പതിനാലാം തീയതി രാത്രിയാണ് രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദിച്ചത്. വിനീതിന്റെ ആദ്യ അടിയില്‍ തന്നെ ജന്മനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. ചികില്‍സയിലിരിക്കേ കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി മരിച്ചു.
സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസന്വേഷണം തെക്കുംഭാഗം എസ്.ഐയില്‍ നിന്ന് ചവറ സി.ഐയ്ക്ക് കൈമാറി. അറസ്റ്റിലായത്തിന് പിന്നാലെ സരസന്‍ പിള്ളയെ പാര്‍ട്ടിനേതൃത്വം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. കേസിലെ ഒന്നാം പ്രതിയായ വിനീതിനെ ജോലിയില്‍ നിന്നു നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
(ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ ചിത്രം ആളുമാറിയാണ് കൊടുത്തിരുന്നത്. തെറ്റുപറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു)