വയനാട്,വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
ഇന്ന് നടക്കുന്ന വയനാട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍,രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പിന്‍മാറിയത് ഇതിനെ തുടര്‍ന്നാണെന്നാണ് സൂചനകള്‍.
വയനാട്,വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ഇന്ന് നടക്കുന്ന വയനാട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍,രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പിന്‍മാറിയത് ഇതിനെ തുടര്‍ന്നാണെന്നാണ് സൂചനകള്‍. എന്നാല്‍ ആശയക്കുഴപ്പമില്ലെന്നും ആലപ്പുഴ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതിനാലാണ് വയനാട്ടില്‍ പോകാത്തതെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
കോണ്‍ഗ്രസിന്റെ ഏഴാം സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പുറത്ത് വിട്ടെങ്കിലും അതിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പേ കേരള നേതാക്കള്‍ സ്ഥാനാര്‍ഥികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിതെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍,ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കില്ലെന്ന വിവരം പുറത്ത് വരുന്നത്. ഇതില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന് ഇന്നലെ തന്നെ ഉറപ്പായിരുന്നു. രമേശ് ചെന്നിത്തല പങ്കെടുക്കുമെന്നായിരുന്നു ഇന്ന് രാവിലെയും സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ നല്‍കിയ വിവരം. ജില്ലയിലുള്ള മുല്ലപ്പള്ളി ഇതേ സമയം മറ്റ് പരിപാടികളില്‍ പങ്കെടുക്കുമെന്ന അറിയിപ്പ് കൂടി വന്നതോടെയാണ് ആശയക്കുഴപ്പം വര്‍ദ്ധിച്ചത്. എന്നാല്‍ ആശയകുഴപ്പത്തിന് അടിസ്ഥാനമില്ലെന്നും എല്ലാ കണ്‍വെന്‍ഷനിലും എല്ലാവരും പങ്കെടുക്കുന്ന പതിവില്ലെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നില്‍ക്കുമെന്ന വാര്‍ത്ത വന്നതോടെ ജില്ലയിലുള്ള കെ.പി.സി.സി അധ്യക്ഷനെ കണ്‍വന്‍ഷനിലെത്തിക്കാന്‍ തിരിക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. രമേശ് ചെന്നിത്തല അവസാന നിമിഷം പിന്‍മാറിയത് ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം കണക്കിലെടുത്താണെന്നും സൂചനകളുണ്ട്.
എന്നാല്‍ മുക്കം കണ്‍വന്‍ഷനില്‍ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്, വടകര സീറ്റുകളില്‍ ഒരു ആശയക്കുഴപ്പവുമില്ല. ആലപ്പുഴയിലെ കണ്‍വന്‍ഷന്‍ കാരണമാണ് താന്‍ വയനാട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.