രാഹുലിനായി തീര്‍ത്ത നാടകീയതയുടെ ദിനം; അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടി, താരമായി സിദ്ദീഖ്
ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന നാടകീയത. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ടി സിദ്ദീഖിന്റെ കണ്‍വന്‍ഷനെ ചൊല്ലി അനിശ്ചിതത്വം.
വയനാട് സീറ്റിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് അവിചാരിതവും അപ്രതീക്ഷിതവുമായ നീക്കങ്ങള്‍ക്ക് ഒടുവില്‍. രാവിലെ നാടകീയമായി വയനാട് കണ്‍വന്‍ഷനില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ പിന്‍മാറിയതോടെ ആദ്യം അനിശ്ചിതത്വം. പിന്നാലെ എല്ലാവരേയും വിസ്മയിപ്പിച്ച് കൊണ്ട് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്.
ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന നാടകീയത. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ടി സിദ്ദീഖിന്റെ കണ്‍വന്‍ഷനെ ചൊല്ലി അനിശ്ചിതത്വം. മുല്ലപള്ളി അടക്കമുള്ളവരുടെ പിന്‍മാറ്റം വിവാദത്തിലേക്ക്. പിന്നാലെ അമ്പരിപ്പിക്കുന്ന പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം പരിഗണനയിലെന്ന ആദ്യ സൂചന ഉമ്മന്‍ചാണ്ടിയുടേതായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവിന്റെ സ്ഥിരീകരണം. രാഹുലിനായി താന്‍ പിന്മാറുന്നുവെന്ന ടി സിദ്ദീഖിന്റെ പ്രഖ്യാപനം. പിന്‍മാറ്റം അഭിമാനത്തോടെയെന്ന് സിദ്ദീഖ്.
പിന്നാലെ രണ്ട് മണിക്ക് പ്രഖ്യാപനമെന്ന സൂചനകള്‍. മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനം വിളിക്കുന്നു. അതിനിടയില്‍ കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് എ.ഐ.സി.സിയുടെ സ്ഥിരീകരണം. പക്ഷേ പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയ മുല്ലപ്പള്ളിക്ക് മറ്റ് നേതാക്കള്‍ക്ക് പറഞ്ഞതിനപ്പുറം ഒന്നും പറയാനുണ്ടായിരുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ നാളെ 11 മണിക്കെന്ന് പറഞ്ഞ് മുല്ലപ്പള്ളി സസ്പെന്‍സ് നിലനിര്‍ത്തി. അപ്പോഴേക്കും രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോരിത്തരിപ്പിച്ച ഉമ്മന്‍ചാണ്ടി വീണ്ടുമെത്തി. രാത്രിയോടെ അന്തിമ തീരുമാനമെന്ന് തറപ്പിച്ചു പറഞ്ഞു. അതിനിടയില്‍ ഘടകകക്ഷികള്‍ക്കും ഹൈക്കമാന്റിന്റെ വിളിയെത്തി. പിന്നെ ഘടകകക്ഷികളും രാഹുലിനെ സ്വാഗതം ചെയ്ത് എത്തി.
നാല് മണിയോടെ വയനാട് കണ്‍വന്‍ഷനും തുടക്കം. പിന്‍മാറിയ സ്ഥാനാര്‍ഥി ടി സിദ്ദീഖിനെ ആരവത്തോടെ പ്രവര്‍ത്തകര്‍ എതിരേറ്റു. അവിടെയും താരമായി സിദ്ദീഖ്. ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്.