രാഹുലിന്‍റെ ഇന്നത്തെ പര്യടനം അഞ്ച് ജില്ലകളില്‍
കണ്ണൂര്‍, വയനാട്, കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം. പൊതുയോഗങ്ങളില്‍ പങ്കെടുത്ത ശേഷം വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
തിരുവനന്തപുരത്ത് നിന്നും ഇന്നലെ രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് ഗസ്റ്റ് ഹൌസിലെത്തിയത്. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നടക്കുന്ന യു.ഡി.എഫ് നേതൃ യോഗമാണ് രാഹുലിന്റെ ഇന്നത്തെ ആദ്യ പരിപാടി. കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 350 നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. യോഗ ശേഷം പ്രത്യേക ഹെലികോപ്ടറില്‍ തിരുനെല്ലിയിലേക്ക് പോകുന്ന രാഹുല്‍ ഇവിടെ ക്ഷേത്രദര്‍ശനവും ബലിതര്‍പ്പണവും നടത്തും. തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
തുടര്‍ന്ന് തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും രാഹുല്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂരിലെത്തുന്ന രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.