കണ്ണൂരിലെ പോളിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫും യു.ഡി.എഫും

അവസാന കണക്കുകള്‍ പ്രകാരം 83.06 ആണ് കണ്ണൂരിലെ വോട്ടിങ് ശതമാനം

Update: 2019-04-25 02:39 GMT
Advertising

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്ന കണ്ണൂരില്‍ പോളിങ് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫും യുഡി.എഫും. സ്വാധീന മേഖലകളില്‍ ഉണ്ടായ ഉയര്‍ന്ന പോളിങ് ഗുണം ചെയ്യുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ മേഖലകളിലുണ്ടായ കനത്ത പോളിങ്ങിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.

Full View

അവസാന കണക്കുകള്‍ പ്രകാരം 83.06 ആണ് കണ്ണൂരിലെ വോട്ടിങ് ശതമാനം.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനത്തിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2.07 ശതമാനത്തിന്റെയും വര്‍ദ്ധനവ്. കാടിളക്കിയുളള പ്രചാരണവും താഴെ തട്ടിലുളള പ്രവര്‍ത്തനങ്ങളും വോട്ടര്‍മാരെ അധികമായി പോളിങ് ബൂത്തിലെത്തിച്ചുവെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തല്‍.

എല്‍.ഡി.എഫിന് മേല്‍ക്കൈയുളള തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ നിയമസഭാ മണ്ഡലങ്ങളാണ് പോളിങ്ങില്‍ ഏറെ മുന്നിലുളളത്. എണ്‍പത്തിയഞ്ച് ശതമാനത്തിനും മേലെയാണ് ഈ മൂന്നിടങ്ങളിലെയും പോളിങ് ശതമാനം. ഇത് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്.

എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ഇരിക്കൂര്‍, അഴീക്കോട്, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളിലും ന്യൂനപക്ഷ മേഖലയിലുമുണ്ടായ പോളിങ്ങിലെ കുതിപ്പിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ ഈ കണക്കും കണക്ക് കൂട്ടലുകളും അന്തിമമായി ആരെ തുണക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.

Tags:    

Similar News