കാസര്‍കോട് ലീഗിനെതിരായ കള്ളവോട്ട് പരാതിക്ക് സ്ഥിരീകരണം: മൂന്ന് പേര്‍ കള്ളവോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ് എന്നിവര്‍ 2 തവണയും മുഹമ്മദ് കെ.എം 3 തവണയും വോട്ട് ചെയ്തെന്ന് കണ്ടെത്തി. കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു

Update: 2019-05-03 17:03 GMT
Advertising

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച ബൂത്ത് ഏജന്‍റിനെതിരേയും നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.

കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശ്ശേരിയിലെ 69, 70 ബൂത്തുകളില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സി.പി.എമ്മിന്‍റെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയിലാണ് കള്ള വോട്ട് നടന്നുവെന്ന് കണ്ടെത്തിയത്. മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, മുഹമ്മദ് കെ.എം എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഷിഖ് എന്നയാള്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി ഉയര്‍ന്നെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ടിക്കാറാം മീണ അറിയിച്ചു.

തളിപ്പറമ്പിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏഴ് കള്ളവോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ടിക്കാറാം മീണ പറഞ്ഞു.

Full View
Tags:    

Similar News