കണ്ണൂരിലെ റീപോളിങ്: പോളിങ് ശതമാനം നിര്‍ണായകം

ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Update: 2019-05-17 04:32 GMT
Advertising

യു.ഡി.എഫ് ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് റീപോളിങ് നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ വീണ്ടും ബൂത്തിലെത്തിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്.

1249 വോട്ടര്‍മാരാരാണ് പാമ്പുരുത്തി എ.യു.പി സ്കൂളിലെ 166ആം നമ്പര്‍ ബൂത്തില്‍ ആകെയുളളത്. ഇതില്‍ അഞ്ച് സര്‍വ്വീസ്സ് വോട്ടുകളടക്കം 1036 പേര്‍ ഇത്തവണ വോട്ട് ചെയ്തു. നാട്ടിലില്ലാത്ത 26 പ്രവാസികളുടെ വോട്ടുകളും ഇക്കൂട്ടത്തില്‍ പോള്‍ ചെയ്യപ്പെട്ടെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഇതിനൊപ്പം അഞ്ച് പേര്‍ കളളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും സി.പി.എം നേതൃത്വം പുറത്തുവിട്ടു. തുടര്‍ന്ന് കളക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തതായി കണ്ടെത്തുകയും ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Full View

എന്നാല്‍ കളളവോട്ട് ആരോപണം ആദ്യഘട്ടം മുതല്‍ ലീഗ് നേതൃത്വം തളളിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആദ്യ വോട്ടെടുപ്പിലെ പോളിങ് ശതമാനം റീ പോളിങ്ങിലും നിലനിര്‍ത്തുക എന്നതാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. എന്നാല്‍ പോളിങ് ശതമാനം ആദ്യവട്ടത്തേക്കാള്‍ ഉയരുമെന്നാണ് നേതാക്കളുടെ അവകാശവാദം.

ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ബൂത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് പരമാവധി വോട്ടര്‍മാരെ റീ പോളിങിനെത്തിക്കാനാണ് ഇന്നലെ രാത്രി പാമ്പുരുത്തിയില്‍ നടന്ന യു.ഡി.എഫ് യോഗത്തിലെ തീരുമാനം.

Tags:    

Similar News